തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി. മരിച്ച ദമ്പതികള്‍ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു പോയതായാണ് സംശയമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
‘മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നാണ് സംശയിക്കുന്നത്. മരിച്ച മൂന്നു പേരും മികച്ച വിദ്യാഭ്യാസം ഉള്ളവരാണ്. മരിച്ച ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതാണ്. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുളളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്’- സൂര്യ കൃഷ്ണമൂർത്തി വ്യക്തമാക്കി.
കോട്ടയം സ്വദേശികളായ നവീൻ , ദേവി എന്നി ദമ്പതികളും സുഹൃത്തായ ആര്യയുമാണ് മരിച്ചത്. അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ട ആര്യ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ്. കഴിഞ്ഞ മാസം 27 ന് ആര്യയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വന്നത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടായിരുന്നു. ഇതിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.
Discussion about this post