കാസർകോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ പ്രതിഷേധം. യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്തനാണ് പ്രതിഷേധിച്ചത്. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി.
ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് പരാതി. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. തങ്ങളാണ് ആദ്യമെത്തിയതെന്നും തങ്ങൾ തന്നെ ആദ്യം പത്രിക നൽകുമെന്നും ഇടത് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ പറഞ്ഞു. കളക്ടർ പറഞ്ഞത് പത്ത് മണിക്ക് ആദ്യം ടോക്കൺ എടുക്കണമെന്നാണ്. തന്റെ പ്രൊപോസർ രാവിലെ ഏഴര മണിക്ക് ഇവിടെയെത്തി. സിസിടിവി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്‌മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ട്രേറ്റിലെത്തി കളക്ടറുടെ ഓഫീസിന് മുന്നിൽ നിന്നു. എന്നാൽ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം അവിടെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.
അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടർ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവും രാജ്‌മോഹൻ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാൽ ഇതോടെ എകെഎം അഷ്‌റഫ് എംഎൽഎയെ ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി കളക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധം തുടരുകയാണ്.
Discussion about this post