ബംഗാൾ മാത്രമല്ല, രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ലോക്സഭാ മണ്ഡലമാണ് കൃഷ്ണനഗർ. വിവാദങ്ങളുടെ തോഴിയായ മഹുവ മൊയ്ത്രയാണ് കൃഷ്ണനഗറിൽ തൃണമൂലിന്റെ സിറ്റിംഗ് എംപി. മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള കൃഷ്ണനഗർ രാജകുടുംബാംഗമായ അമൃത റോയിയാണ് ഇവിടത്തെ ബിജെപി സ്ഥാനാർത്ഥി. ബംഗാളിലെ നാദിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണനഗർ മണ്ഡലം ഏത് വിധേനയും നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, ഇത്തവണ മഹുവയെ തോൽപ്പിക്കുക എന്ന ഉറച്ച ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടു പോകുന്നത്.
ചോദ്യക്കോഴക്കേസിൽ ആരോപണ വിധേയയായ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പരാതി അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തു. ഇതിനെ തുടർന്നാണ് പ്രമേയം അവതരിപ്പിച്ച് ലോക്സഭയിൽ നിന്ന് മഹുവയെ പുറത്താക്കിയത്. സംശയത്തിന്റെ നിഴലിലായ എംപിയെ തൃണമൂൽ കോൺഗ്രസ് ആദ്യം പിന്തുണച്ചിരുന്നില്ല. എന്നാൽ, ബിജെപി പക പോക്കുകയാണെന്ന വാദം ഉന്നയിച്ച് തൃണമൂൽ നേതൃത്വം പിന്നീട് മഹുവ മൊയ്ത്രയെ സംരക്ഷിക്കാൻ രംഗത്ത് വരികയായിരുന്നു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ച് കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് അവർക്ക് വീണ്ടും ടിക്കറ്റ് നൽകുകയും ചെയ്തു.
നേരത്തെ അമേരിക്കയിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ജോലി ചെയ്തിരുന്ന മഹുവ മൊയ്ത്ര, 2009ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയ മഹുവ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗറിൽ നിന്ന് 63,000ത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ ഫുട്ബോൾ താരവും ബിജെപി സ്ഥാനാർത്ഥിയുമായ കല്യാൺ ചൗബെയ്ക്കെതിരെയായിരുന്നു മഹുവയുടെ ജയം.
കൃഷ്ണനഗറിലെ ജനങ്ങൾ സ്നേഹപൂർവ്വം ‘രാജ്മാതാ’ എന്ന് വിളിക്കുന്ന അമൃത റോയി ഇത്തവണ മഹുവ മൊയ്ത്രയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃത റോയിയെ ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്ന ബിജെപി വനിതാ സ്ഥാനാർത്ഥികളുമായി ആശയവിനിമയം നടത്തുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി അമൃത റോയിയെ വിളിച്ചത്.
വികസന കാര്യത്തിൽ ഏറെ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന മണ്ഡലമായ കൃഷ്ണനഗറിൽ എംപിയെന്ന നിലയിൽ മഹുവ മൊയ്ത്രയുടെ കഴിഞ്ഞ 5 വർഷത്തെ പ്രകടനം വൻ പരാജയമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വിവാദങ്ങൾ ഉണ്ടാക്കി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന മഹുവ, മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും ഇടപെടാറില്ലെന്നാണ് ആക്ഷേപം.
ബംഗാളിലെ മമത സർക്കാരിന്റെ വ്യാപക അഴിമതിയും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് ബിജെപി സ്ഥാനാർത്ഥിയായ അമൃതയുടെ പ്രചാരണം. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളും കൃഷ്ണനഗർ മണ്ഡലത്തിൽ വലിയ ചർച്ചയാണ്. ഹിന്ദുവംശഹത്യയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ നിന്ന് 1971ന് ശേഷം ബംഗാളിൽ എത്തിയ മതുവ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കൃഷ്ണനഗർ. സിഎഎ പ്രാബല്യത്തിൽ വന്നതോടെ അതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്ന മതുവ സമുദായത്തിന്റെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
നേരത്തെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കൃഷ്ണനഗർ പിന്നീട് തൃണമൂലിന്റെ സ്വാധീന മേഖലയായി മാറുകയായിരുന്നു. കഴിഞ്ഞ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തൃണമൂൽ കോൺഗ്രസാണ് ഇവിടെ നിന്ന് ജയിച്ചത്. മണ്ഡലത്തിൽ സമീപ കാലത്ത് ബിജെപി കൈവരിച്ച വമ്പൻ വളർച്ചയും ശ്രദ്ധേയമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന് 45 ശതമാനം വോട്ട് ലഭിച്ചപ്പോൾ, 40 ശതമാനത്തിലധികം വോട്ടു നേടി മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബിജെപിക്കായിരുന്നു. 1999ൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചപ്പോൾ കൃഷ്ണനഗറിൽ നിന്ന് വിജയിച്ച ചരിത്രവുമുണ്ട് ബിജെപിക്ക്. അന്ന് ജയിച്ച ബിജെപി നേതാവ് സത്യബ്രത മുഖർജി വാജ്പേയി സർക്കാറിൽ കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ചിരുന്നു.
മമത സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരവും മഹുവ മൊയ്ത്രക്കെതിരായ ഗുരുതര ആരോപണങ്ങളും വോട്ടർമാരെ സ്വാധീനിച്ചാൽ കൃഷ്ണനഗറിൽ ഇത്തവണ തൃണമൂൽ വിയർക്കും. ചോദ്യക്കോഴ കേസിലും അനുബന്ധ അഴിമതി ആരോപണങ്ങളിലും മഹുവക്കെതിരെ സിബിഐ, ഇഡി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. തനിക്കെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മഹുവ മൊയ്ത്ര ഉയർത്തുന്ന ഇരവാദം തെരഞ്ഞെടുപ്പിൽ എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയേണ്ടി വരും. ഇത്തവണ കൃഷ്ണനഗറിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടാൽ 49കാരിയായ മഹുവയ്ക്ക് ഒരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാകും.
Discussion about this post