മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റർ നിറഞ്ഞ് മുന്നേറുകയാണ്. ചിത്രം തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി മാറികഴിഞ്ഞിരിക്കുകയാണ്.
രജനികാന്തിൻറെ ലാൽ സലാം, ശിവകാർത്തികേയൻറെ അയലൻ, ധനുഷിൻറെ ക്യാപ്റ്റൻ മില്ലർ തുടങ്ങിയ ചിത്രങ്ങളെയെല്ലാം മഞ്ഞുമ്മൽ ബോയ്‌സ് പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴകത്തെ സൂപ്പർതാരം സൂര്യയുടെ സിങ്കം 2 ന്റെ കളക്ഷനും മറികടന്നിരിക്കുകയാണ്. 2013 ലാണ് സിങ്കം 2 പുറത്തിറങ്ങുന്നത്. അന്ന് ചിത്രം 60 കോടിയാണ് നേടിയത്. എന്നാൽ മഞ്ഞുമ്മൽ ബോയ്‌സ് ഇതിനകം 61 കോടി നേടികഴിഞ്ഞു. ഇതോടെ സൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും അധികം കളക്ഷൻ ലഭിച്ച സിനിമയെ മറികടന്ന് മഞ്ഞുമ്മൽ കുതിച്ചിരിക്കുകയാണ്. കൂടാതെ 200കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്‌സ് മാറി കഴിഞ്ഞു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡബ് ചെയ്യാത്ത ഒരു മലയാളം ചിത്രം തമിഴ്നാട് ബോക്സ്ഓഫീസിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണിത്. സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ഒരു സർവൈവൽ ത്രില്ലർ മൂവി കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post