തിരുവനന്തപുരം; കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോൺഗ്രസ് സ്വന്തം പതാക പോലും ഉയർത്തിപ്പിടിക്കാൻ കവിയാത്ത പാർട്ടിയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്നലെ കോൺഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിർദേശ പത്രിക നൽകിയെങ്കിലും സ്വന്തം പാർട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടി പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ്. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോൺഗ്രസ് നേതാക്കൾ ഇന്നലെ വയനാട്ടിൽ എത്തിയിട്ടും എന്തുകൊണ്ട് കോൺഗ്രസ് പതാക അവർ ഉയർത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവർത്തിയാണ്. മുസ്ലിം ലീഗിന്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പാർട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കൽപ്പിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.ലീഗിന്റെ വോട്ട് വേണം പതാക വേണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആ പതാകയുടെ ചരിത്രം അറിയുമോയെന്ന് സംശയമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പാർട്ടി പതാക ഉയർത്താൻ ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ കൂടി മറന്നിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആശയമാണ് ആ ത്രിവർണ പതാക. അത് എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ പ്രതിനിധീകരിക്കുന്നു. ആ പതാകയുടെ അടിസ്ഥാന സത്വം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പതാകയ്ക്ക് രൂപം നൽകിയത്. ഈ പതാക ഉയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യസമരക്കാലത്ത് എത്ര കോൺഗ്രസുകാർ ബ്രീട്ടിഷുകാരുടെ മർദ്ദനം നേരിട്ടിട്ടുണ്ട്. ഈ ചരിത്രം കോൺഗ്രസുകാർക്ക് അറിയില്ലേ,?’ പിണറായി വിജയൻ ചോദിച്ചു.
Discussion about this post