എറണാകുളം : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. കിഴക്കെകുടിയിൽ ആമിനയും പേരക്കുട്ടിയായ ഫറഹാ ഫാത്തിമയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പേരക്കുട്ടിയുടെ നില ഗുരുതരമാണ്. ഞെട്ടിയംകാല കടവിലാണ് അപകടം സംഭവിച്ചത്.
ഇന്ന് 12 മണിയോടെയാണ് അപകടം ഉണ്ടായത്. മൂന്നു പേരും കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്.
കടവിനടുത്തുള്ള രണ്ട് സത്രീകളാണ് സംഭവം ആദ്യം കണ്ടത്. ഇവർ പെയിന്റിംഗ് തൊഴിലാളികളെ വിവരം അറിയിച്ചു. ഉടനെ അവർ രക്ഷപ്രവർത്തനം നടത്തുകയായിരുന്നു. ആദ്യം ആമിനയെയും ഹന ഫാത്തിമയെയും രക്ഷിച്ച് കൊല്ലച്ചേരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നാമാത്തെ പേരക്കുട്ടി ഉണ്ടെന്നുള്ള വിവരം ഇവർക്ക് അറിയില്ലായിരുന്നു. പിന്നീട് ഫയർഫോഴ്‌സാണ് ഫറഹാ ഫാത്തിമയെ പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ആമിനയും ഫറഹയും മരിച്ചു.
സാധാരണയായി മൂന്നുപേരും കടവിൽ കുളിക്കാൻ വരുന്നതാണ്. ആമിനയ്ക്ക് നീന്തൽ അറിയുന്നതാണ് എന്നാണ് വീട്ടുകർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post