തിരുവനന്തപുരം: ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്റെ മൂന്നിലെന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാവാതെ സംസ്ഥാന സർക്കാരിന്റെ കെ ഫോൺ . ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും കെ ഫോൺ സൗജന്യ കണക്ഷൻ നൽകുന്നതിൽ കാര്യമായ പുരോഗതിയില്ല . പ്രതിദിനം 1000 കണക്ഷൻ നൽകാം എന്നാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പത്ത് മാസത്തിനിടെ നൽകിയത് വെറും 5304 കണക്ഷൻ മാത്രമാണ്.
സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകും എന്നാണ് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നത്. 14,000 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ നൽകി. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഇതു വരെ അധികം നൽകിയത് വെറും 3199 കണക്ഷൻ മാത്രമാണ്. ആകെയുള്ള 30438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും കെ ഫോൺ കണക്ഷൻ ഉള്ളത് 21072 ഓഫീസുകളിൽ മാത്രമാണ് .
പ്രതിദിനം ആയിരം വാണിജ്യ കണക്ഷൻ നൽകി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പത്ത് മാസം കൊണ്ട് ഇത് വരെ ആകെ കൊടുത്തത് 4102 എണ്ണം മാത്രം. ഇന്റർനെറ്റ് ഉപഭോഗം കൂടുതലുള്ള 3000 വൻകിട സ്ഥാപനങ്ങൾ ഉദ്ദേശിച്ചതിൽ 36 എണ്ണം മാത്രമാണ് ഇപ്പോഴും കെ ഫോണിൻറെ ലിസ്റ്റിലുള്ളത്. എന്നാൽ ഇതും വഴിമുട്ടിയ സാഹചര്യത്തിലാണ്.
കെ ഫോണിന്റെ കൃത്യമായ വിവരങ്ങൾ ഒന്നും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കൂടാതെ14000 വീടുകളുടെ കൃത്യമായ വിവരങ്ങളും ഇത് വരെ സർക്കാർ നൽകിയിട്ടില്ല. വാർഷിക പരിപാലന തുക മാറ്റിവച്ചാൽ 1168 കോടി രൂപയ്ക്കാണ് കെ ഫോൺ പദ്ധതി നടത്തിപ്പ്. ഇതിൽ 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശ സഹിതം തിരിച്ചടക്കാൻ വർഷം 100 കോടി വീതം സർക്കാർ കണ്ടെത്തണം.
Discussion about this post