തൃശ്ശൂർ: ഇഡിയ്ക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണ വലയത്തിലും കുടുങ്ങി സിപിഎം തൃശ്ശൂർ ജില്ലാ നേതൃത്വം. പാർട്ടിയുടെ ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര ഏജൻസി ഇതിലെ അഞ്ച് കോടി രൂപയുടെ ഉറവിടവും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് പാർട്ടി.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആദായ നികുതി വകുപ്പും പാർട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തുന്നത്. സിപിഎം നൽകിയ ആദായ നികുതി റിട്ടേണുകളിൽ ഒരു അക്കൗണ്ടിന്റെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് പാർട്ടി ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായത്.
കഴിഞ്ഞ ദിവസം സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിയമം പാലിച്ചാണ് ഇടപാടുകളെന്നും ഒന്നും മറയ്ക്കാനില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന് വർഗ്ഗീസ് നൽകിയ മൊഴി.
1998ൽ തുടങ്ങിയ അക്കൗണ്ടാണ് അന്വേഷണ സംഘം മരവിപ്പിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആറുകോടിയിൽപ്പരം രൂപയായിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകാതിരുന്നത്. ഈ അക്കൗണ്ടിലെ പണത്തിന്റെ സാമ്പത്തിഖ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post