ദിനംപ്രതി റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ് സ്വർണവില. ഇന്ത്യയിൽ ഒരുപവന് 52,000 രൂപയിലധികമായി വില. കഴിഞ്ഞ രണ്ടുവർഷത്തിനിടെ സ്വർണ വില 40 ശതമാനമാണ് വർദ്ധിച്ചത്.
ഇന്ത്യയിലെ ചില്ലറ സ്വർണവില ആഗോള സ്വർണ വിലയേക്കാൾ കൂടുതലാണ്. അതിൽ ജ്വല്ലറിയുടെ മാർജിനും മറ്റ് ചിലവുകളും ഉൾപ്പെടുന്നു എന്നതാണ് കാരണം. സാംസ്‌കാരിക പ്രാധാന്യം, നിക്ഷേപ മൂല്യം, വിവാഹങ്ങളിലും ഉത്സവങ്ങളിലും ലഭ്യമാവുന്ന പരമ്പരാഗത പങ്ക് എന്നിവ കാരണം ഇന്ത്യയിൽ സ്വർണ്ണം ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു
സാധാരണയായി ഓഹരി വിപണി താഴെ പോകുമ്പോഴാണ് സ്വർണത്തിന്റെ വില കൂടുക. എന്നാൽ ഓഹരി വിപണി നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. സ്വർണത്തിന്റെ വിലയും മേലേയ്ക്ക് തന്നെ. എന്താവാം ഇതിന് കാരണം?
വിലക്കയറ്റം അനിശ്ചിതാവസ്ഥയിൽ തുടരുന്നത് സ്വർണത്തിന്റെ വില കൂടുവാൻ ഒരു കാരണമാണ്.ലോകത്ത് പലയിടത്തും രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്. യുദ്ധങ്ങൾ നീണ്ടുനിൽക്കുന്നു. സാമ്പത്തിക വളർച്ചയും ആശങ്കയിലാണ്. ഇതുകൊണ്ടെല്ലാം ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ നിക്ഷേപങ്ങൾ സ്ഥിരമായി എങ്ങും വെക്കുന്നില്ല. ഇത് ഓഹരി വിപണിയെ ചഞ്ചലപ്പെടുത്തുന്നു.
ഫെഡ് റേറ്റ് കുറയുമോ
അമേരിക്ക നിരക്കുകൾ കുറച്ചില്ലായെങ്കിലും വൈകാതെ അതുണ്ടാകും എന്നൊരു തോന്നലുണ്ട്. ഫെഡ് റേറ്റ് കുറച്ചാൽ അത് രാജ്യാന്തര തലത്തിൽ നിരക്ക് കുറയ്ക്കുവാൻ നിമിത്തമാകും. ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റും പലിശ കുറയും. ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ട് സ്വർണത്തിലുള്ള നിക്ഷേപം കൂടും. വില വർദ്ധനവിന് ഇതും ഒരു കാരണമാണ്.
റിസർവ് കൂടിയാൽ
രാജ്യങ്ങൾ സ്വർണം റിസർവ് ആയി വെക്കും. ഇത് സമ്പദ് വ്യവസ്ഥയുടെ ഉറപ്പായി കരുതുന്നു. ചൈന ഇത്തരത്തിൽ തങ്ങളുടെ റിസർവിലേക്ക് സ്വർണം കൂടുതലായി ശേഖരിക്കുന്നു എന്ന വാർത്തയുണ്ട്.
വിലകൂടിയാൽ എന്ത്?
ഇന്ത്യ സ്വർണം ധാരാളമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വിലകൂടുമ്പോൾ ഇറക്കുമതിയിനത്തിൽ ഇന്ത്യയുടെ സമ്മർദ്ദം കൂടും. ഇത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനെ (CAD) പ്രതികൂലമായി ബാധിക്കും. സർക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കം വർദ്ധിക്കും എന്നതാണ് ഒരു ഗുണം.
സ്വർണത്തിന് വില കൂടുമ്പോൾ ബാങ്കുകളും മറ്റും സ്വർണ പ്പണയത്തിനു കൂടുതൽ തുക നൽകും. താൽക്കാലികമായി ഇത് നല്ലതാണെങ്കിലും ഇടപാടുകാർക്ക് ഈ വലിയ തുകയും പലിശയും അടയ്ക്കുവാൻ കഴിയാതെ വന്നാൽ അത് മറ്റൊരു ബുദ്ധിമുട്ടിലേക്ക് നയിക്കും. സ്വർണത്തിന്റെ വില കുറഞ്ഞാൽ സ്ഥിതി കൂടുതൽ വഷളാകും
Discussion about this post