തിരുവനന്തപുരം : പ്രവർത്തകർക്ക് ബോംബ് നിർമ്മാണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു. പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം നേട്ടോട്ടം ഓടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പാനൂരിലെ ബോംബ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിനു തോട്ടു പിന്നാലെയാണ് സി.പി.എം പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ബോംബ് നിർമ്മിക്കുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ യഥാർത്ഥത്തിൽ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാൻ സി.പി.എം തയാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തിൽ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികൾക്ക് രക്ഷാകവചമൊരുക്കിയത്.
തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിർമ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും. ഇതൊക്കെ എത്ര കണ്ടതാണ് . എന്നാൽ ഇത്തവണ ഇത് കൊണ്ട് ഒന്നും പിടിച്ചു നിൽക്കാം എന്ന് നിങ്ങൾ വിചാരിക്കേണ്ട. ഇതിനായുള്ള മറുപടി ജനങ്ങൾ നിങ്ങൾക്ക് വോട്ടിലൂടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post