തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തസാന്ദ്രമായി അശ്വതിക്കാവു തീണ്ടൽ. ചെമ്പട്ടുടുത്ത് പള്ളിവാളുമായി ചിലമ്പു കുലുക്കി ആയിരങ്ങളാണ് അശ്വതിക്കാവു തീണ്ടിയത്.
കോട്ടയിൽ കോവിലകത്ത് നിന്നും രാമവർമ രാജ പല്ലക്കിൽ എഴുന്നള്ളിയതോടെ കാവുതീണ്ടൽ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് തൃച്ചന്ദന ചാർത്ത് നടന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തൃച്ചന്ദന ചാർത്ത് ആരംഭിച്ചത്. ദാരിക നിഗ്രഹത്തിനിടയിൽ മുറിവ് പറ്റിയ ദേവിക്ക് വൈദ്യനായ പാലക്കവേലന്റെ വിധി പ്രകാരം നടത്തുന്ന ചികിത്സയാണ് തൃച്ചന്ദന ചാർത്ത്.
തൃച്ചന്ദന ചാർത്ത് അവസാനിക്കുന്നത് വരെ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ക്ഷേത്രത്തിന് കാവലിരുന്നു. തുടർന്ന് നാലിന് തമ്പുരാൻ കാവു തീണ്ടാൻ അനുമതി നൽകി. ആദ്യം കാവു തീണ്ടാൻ അനുമതിയുള്ളത് പാലക്കാവേലനാണ്. പാലക്കാവേലൻ കാവു തീണ്ടിയതിന് പിന്നാലെ വിവിധ അവകാശത്തറകളിൽ അവസരം കാത്തുനിന്ന കോമരങ്ങളും ഭക്തരും മൂന്ന് വട്ടം കുരുംബക്കാവിനെ വലം വച്ച് കാവ് തീണ്ടി.
തുടർന്ന് കുതിരക്കളി, കാളകളി, മുടിയേറ്റ്, തെയ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രമുറ്റത്ത് നടന്നു. ഭരണി നാളിൽ ക്ഷേത്രത്തിലെ വാതിൽ മാടത്തിൽ നെറ്റിപ്പട്ടം വിരിച്ച് കിണ്ടിയും കണ്ണാടിയും വച്ച് ദേവിയെ സങ്കൽപ്പിച്ചിരുത്തും. കാളി ദാരിക യുദ്ധത്തിൽ ദേവി വിജയിച്ചതിന്റെ ആഹ്ലാദത്തിൽ വെന്നിക്കൊടി വീശുന്നതോടെ ഭരണി ഉത്സവം സമാപിക്കും.
Discussion about this post