തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം .
നാളെ മുതൽ തുടർച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചേയ്യേണ്ടിവരും എന്നാണ് ഇഡി വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആദായനികുതി വകുപ്പിന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഇവർക്ക് തന്നെയാണ് ഇഡി ഇപ്പോൾ ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
ഒന്നേമുക്കാൽ കോടി രൂപയാണ് എക്‌സാലോജികിനും വീണാവിജയനുമായി നൽകിയതെന്നാണ് ആദായനികുതിവകുപ്പിന് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിനുള്ള പണമാണ് ഇതെന്നാണ് ഇഡിയുടെ അന്വേഷണം .
എന്നാൽ ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിൻറെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിൻറെ ബാലൻസ് ഷീറ്റിൽ കളളക്കണക്ക് ഉണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിൻറെ അടുത്ത പടിയായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടും. സഹകരിച്ചില്ലെങ്കിൽ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കും. തുടർന്നാകും ചോദ്യം ചെയ്യൽ.
Discussion about this post