ന്യൂഡൽഹി : ഇൻഡി സഖ്യകക്ഷികളായ രാഹുൽ ഗാന്ധിയെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശുദ്ധമായ സാവൻ മാസത്തിൽ ആട്ടിറച്ചി പാകം ചെയ്ത് കഴിക്കുകയും അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തതിനാണ് വിമർശനം. രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വികാരത്തെക്കുറിച്ച് ചിന്തിക്കാത്ത നേതാക്കളാണ് ഇരുവരും എന്നും മോദി ആരോപിച്ചു. നേതാക്കളുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശനം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാഹുലും ലാലു യാദവും ചേർന്ന് ആട്ടിറച്ചി പാകം ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. ”കോൺഗ്രസിലെയും ഇൻഡി സഖ്യത്തിലെയും നേതാക്കൾ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് വിലകൊടുക്കുന്നില്ല. അവർ ജനങ്ങളെ കളിയാക്കാനാണ് ശ്രമിക്കുന്നത്. ക്രിമിനലുകളുടെ വീടുകളിൽ സന്ദർശനം നടത്തുകയും വിശുദ്ധമാസമായ സാവൻ മാസത്തിൽ ആട്ടിറച്ചി ഉണ്ടാക്കി കഴിക്കുകയും ചെയ്യുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഇവർ ജനങ്ങളെ കളിയാക്കാനാണ് ശ്രമിക്കുന്നത്” മോദി പറഞ്ഞു. ജമ്മു കശ്മീരിലെ ഉധംപൂരിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവർ മുഗളന്മാരെപ്പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നു. നിയമം ആരെയും ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നില്ല. എന്നാൽ ഇവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. മുഗളന്മാർ നമ്മുടെ രാജ്യം ആക്രമിക്കുന്ന സമയത്ത്, ക്ഷേത്രങ്ങൾ തകർക്കുന്നത് വരെ അവർ തൃപ്തരായിരുന്നില്ല. മുഗളന്മാരെപ്പോലെ തന്നെ ഇവരും പ്രവൃത്തികൾ ചെയ്ത് സാവൻ മാസത്തിൽ ആ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ആഹ്ലാദിക്കുന്നു.
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചാരണങ്ങൾക്കും മോദി ചുട്ട മറുപടി നൽകി. ” ശ്രീരാമക്ഷേത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ് എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ അത് അങ്ങനെ അല്ലെന്നും ഒരിക്കലും അങ്ങനെ ആവില്ലെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപി ഉണ്ടാകുന്നതിന് മുൻപേ ശ്രീരാമ ക്ഷേത്രത്തിന് വേണ്ടിയുളള പോരാട്ടം ആരംഭിച്ചിരുന്നു.
വിദേശ ശക്തികൾ നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ, ഇന്ത്യയിലെ ജനങ്ങൾ അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ പോരാടി. കോൺഗ്രസ് നേതാക്കളും സഖ്യകക്ഷികളും അന്ന് വലിയ ബംഗ്ലാവുകളിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്ന കാര്യം വന്നപ്പോൾ അവർ മുഖം തിരിച്ചു. ‘ മോദി പറഞ്ഞു.
Discussion about this post