എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി നടിക്ക് നൽകുന്നതിനെതിരെ ദിലീപ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നടി നൽകിയ ഹർജിയിലെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. നേരത്തെ മൊഴിപ്പകർപ്പ് നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ നടി ജഡ്ജിമാരെയും കോടതി ജീവനക്കാരെയും അഭിഭാഷകരെയുമെല്ലാം മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നതുൾപ്പെടെയുള്ള വാദങ്ങൾ ആയിരുന്നു ഡിവിഷൻ ബെഞ്ച് മുൻപാകെ ദിലീപിന്റെ അഭിഭാഷകൻ ഉയർത്തിക്കാട്ടിയത്. എന്നാൽ പകർപ്പ് നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് കേട്ട നടിയുടെ അഭിഭാഷകൻ കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിയ്ക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് തിരിച്ച് ചോദിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ അറിയാനുള്ള അവകാശം തന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതായി നടി കോടതിയെ ബോധിപ്പിച്ചു. സാക്ഷിമൊഴിപ്പകർപ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.
Discussion about this post