വയനാട് : സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോസ്ഥയ്ക്ക് സസ്‌പെൻഷൻ. കൽപ്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ ജാഗ്രത കുറവ് ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ സാധ്യയുണ്ടെന്നാണ് വിവരം. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി. നിലവിൽ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിലേക്ക് വനംവാച്ചർ ജോൺസനെ കൂടി പ്രതി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.
കഴിഞ്ഞ ദിനസം 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ഡിഎഫ്ഒ ഷജ്ന കരീം, ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം.സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട് .
സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു കൊടുത്ത ഭൂമിയിൽ വീടിനു ഭീഷണിയായ 20 മരങ്ങൾ മുറിച്ചു മാറ്റാൻ അവിടുത്തെ കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. മരം മുറിക്കാൻ അനുമതി ലഭിച്ചതോടെ ഇതിന്റെ മറവിലായി ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നൂറിലേറെ മരങ്ങൾ മുറിച്ചുമാറ്റി എന്നാണ് നാട്ടുകാർ പരാതി ഉയർത്തിയിട്ടുള്ളത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല എന്നീ മരങ്ങളാണ് മുറിച്ചത്. ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയാണെങ്കിലും ഡി നോട്ടിഫിക്കേഷൻ നടന്നിരുന്നില്ല. ഇത് കൊണ്ടാണ് വനംവകുപ്പ് കേസ് എടുത്തത്.












