പത്തനംതിട്ട: പുനലൂർചെങ്കോട്ട സെക്ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാനാവാതെ ദക്ഷിണ റെയിൽവേ. ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലംചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് ട്രെയിൻ വരെ നഷ്ടമാകുന്ന സ്ഥിതിയാണ്. പുനലൂർചെങ്കോട്ട പാതയിൽ വൈദ്യുതി ലഭ്യമാക്കേണ്ട പുനലൂർ, ചെങ്കോട്ട ട്രാക്ഷൻ സബ് സ്റ്റേഷനുകൾ കമ്മീഷൻ ചെയ്യാൻ വൈകുന്നതാണു പ്രധാന തടസ്സം.
പുനലൂരിലെ ട്രാക്ഷൻ സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കേണ്ടതു കെഎസ്ഇബിയാണെങ്കിലുംഇതിനുള്ള കരാർ നടപടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പുനലൂരിലെ സബ് സ്റ്റേഷൻ നിർമാണമാണ് ആദ്യം തീർന്നത്. അതിനു ശേഷമാണു ചെങ്കോട്ടയിൽ പണി തുടങ്ങിയത്. അവിടെ സബ് സ്റ്റേഷന്റെ പണി കഴിഞ്ഞ് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതിയും എത്തിച്ചിട്ടുണ്ട്. ടവറുകളിലൂടെ 15 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ഒന്നര കിലോമീറ്ററും കേബിൾ വലിച്ചാണു ചെങ്കോട്ട സ്റ്റേഷനിലേക്കു ടിഎൻഇബി വൈദ്യുതി എത്തിച്ചിരിക്കുന്നത്. പുനലൂരിൽ വെറും രണ്ടര കിലോമീറ്റർ ദൂരം കേബിൾ വലിക്കാനാണ് കെഎസ്ഇബി മാസങ്ങളായി വൈകുന്നത്. 28 കോടി രൂപയാണ് ഇതിനായി റെയിൽവേ കെഎസ്ഇബിക്ക് കൈമാറിയത്.
ഫെബ്രുവരി 27ന് ആയിരുന്നു പാതയിൽ പരീക്ഷണയോട്ടം നടന്നത്. തെങ്കാശിതിരുനെൽവേലി പാതയിലെ വീരാനെല്ലൂർ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി എടുത്താണ് അന്നു ട്രെയിനോടിച്ചത്. ദിവസവും ഇവിടെ നിന്നു വൈദ്യുതി എടുത്ത് ട്രെയിനോടിക്കുക പ്രായോഗികമല്ല. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്യാത്തതിനാൽ വന്ദേഭാരതിന്റെയും പരീക്ഷണയോട്ടം നടന്നില്ല. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്താലേ കൊല്ലംചെങ്കോട്ട പാതയിലൂടെ വന്ദേഭാരതും കൊല്ലംതിരുനെൽവേലി മെമു ട്രെയിനുകളും ലഭിക്കൂ.
Discussion about this post