കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അല്ലാത്ത പക്ഷം കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുടുംബ ഗ്രൂപ്പുകളിലും മറ്റും തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ശൈലജയുടെ ആരോപണം. ഇതിന് പുറമേ കോൺഗ്രസിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഇടത് പാളയത്തിൽ നിന്നും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശൈലജ തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഷാഫി നോട്ടീസ് അയച്ചത്.
24 മണിക്കൂറിനകം ആരോപണങ്ങളിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. വാർത്താസമ്മേളനം വിളിച്ച് മാദ്ധ്യമങ്ങൾക്ക് മുൻപിൽ വേണം മാപ്പ് പറച്ചിൽ നടത്തണം. താനും തന്റെ പാർട്ടിക്കാരും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ശൈലജ ആരോപിക്കുന്നത്. ഇതിന്റെ പേരിൽ തന്റെ പ്രായമായ മാതാവിന് പോലും സിപിഎം പ്രവർത്തകർ വേട്ടയാടി. രൂക്ഷമായ സൈബർ ആക്രമണം നേരിട്ടു.
ഇക്കഴിഞ്ഞ 20 ന് വാർത്താ സമ്മേളനത്തിൽ അശ്ലീല വീഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ശൈലജ പറഞ്ഞത്. ഇത് ശരിയല്ല. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ശൈലജ നടത്തിയത്. തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post