വേനൽചൂട് കടുത്തതോടെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. വേനൽക്കാലത്ത് വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് പ്രത്യേക കരുതലും പരിചരണവും നൽകണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. വെയിലിൽ നിന്നും പരമാവധി വളർത്തുമൃഗങ്ങളെ ഒഴിവാക്കി നിർത്തണമെന്നും ശരീരം തണുപ്പിക്കുന്ന രീതിയിലുള്ള ആഹാരരീതികൾ പിന്തുടരണം എന്നും ആരോഗ്യവിദഗ്ധർ അറിയിക്കുന്നു.
മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ധാരാളം ശുദ്ധജലം വളർത്തു മൃഗങ്ങൾക്ക് നൽകണം. വെള്ളം നൽകുന്ന പാത്രം എപ്പോഴും തണലുള്ള സ്ഥലത്ത് ആയിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. തണുപ്പ് ഇഷ്ടപ്പെടുന്ന ഇനം വളർത്തു നായ്ക്കൾക്ക് ഐസ്ക്യൂബുകളോ ഫ്രൂട്ട് ഐസുകളോ കഴിക്കാൻ നൽകുന്നതും അവയ്ക്ക് ആശ്വാസകരമാകും.
നല്ല രീതിയിലുള്ള കുളി, ജലാശയങ്ങളിൽ നീന്താൻ അനുവദിക്കുക എന്നിവയെല്ലാം വളർത്തു മൃഗങ്ങൾക്ക് ശരീരത്തിലെ ചൂട് പുറന്തള്ളുന്നതിന് സഹായകരമാകുന്നതാണ്. കൂടാതെ വളർത്തു നായ്ക്കളെ നടക്കാൻ കൊണ്ടുപോകുന്നത് രാവിലെയോ രാത്രിയിലോ ആക്കുക. ഭൂമി ചൂടായി കിടക്കുന്ന സമയത്ത് മൃഗങ്ങളെ മണ്ണിലേക്ക് ഇറങ്ങാൻ അനുവദിക്കാതിരിക്കുക. ശരീരത്തിൽ രോമമുള്ള ഇനം വളർത്തു മൃഗങ്ങൾ ആണെങ്കിൽ വേനൽക്കാലത്ത് അവയുടെ മുടി ട്രിം ചെയ്യുകയും ദിവസവും ബ്രഷ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. തണ്ണിമത്തൻ, വെള്ളരി എന്നിവ പോലെയുള്ള ജലാംശം ഉള്ള പഴവർഗ്ഗങ്ങൾ ധാരാളമായി നൽകുന്നതും ഈ കനത്ത ചൂടിനെ അതിജീവിക്കാൻ വളർത്തുമൃഗങ്ങൾക്ക് കരുത്ത് നൽകുന്നതാണ്.
Discussion about this post