കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് ആലോചിക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. എന്നാൽ കേരളത്തിൽ വന്ന് പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് രാഹുൽ നിന്ന് ഉണ്ടായത്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ”രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാഡി മാറി. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്. നെഹ്‌റു കുടുംബത്തിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? രാഹുൽ ഗാഡിയുടെ ഡി. എൻ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നുമായിരുന്നു” പി വി. അൻവർ എം.എൽ.എയുടെ പരാമർശം.
Discussion about this post