കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ അജീഷിനെതിരെയാണ് കേസ് എടുത്തത്. യൂത്ത് ലീഗ് പ്രവർത്തകൻ അനസിന്റെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാഫിയ്‌ക്കെതിരെ അജീഷ് സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശൈലജ തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അനസ് പോലീസിൽ പരാതി നൽകിയത്.
ഷാഫി പറമ്പിലിനെ പുറമേ ഇസ്ലാമിക മതത്തെ അധിക്ഷേപിച്ച് അജീഷ് പരാമർശം നടത്തിയെന്നും അനസിന്റെ പരാതിയിൽ ഉണ്ട്. പേരാമ്പ്ര പോലീസാണ് അജീഷിനെതിരെ കേസ് എടുത്തിട്ടുള്ളത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ കെ.കെ ശൈലജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവിനെതിരായ ലീഗ് പ്രവർത്തകന്റെ പരാതി. വരും ദിവസങ്ങളിലും കൂടുതൽ സിപിഎം പ്രവർത്തകർക്കെതിരെ സൈബർ അധിക്ഷേപത്തിന് പരാതി ഉയരാനാണ് സാദ്ധ്യത.
Discussion about this post