കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് ഹർജിയിൽ പറഞ്ഞത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടയ്ക്കനാലിലേക്ക് യാത്ര പോകുന്ന ഒരു സംഘം സുഹൃത്തുക്കൾ അപ്രതീക്ഷിതമായി ഒരപകടത്തിൽ പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. യഥാർത്ഥ സംഭവത്തെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
Discussion about this post