കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജനാണ്. അതിനായി പല ചർച്ചകളും നടന്നിരുന്നു. എന്നാൽ, പിന്നീട് പാർട്ടിയിൽ നിന്നും ഭീഷണി വന്നപ്പോഴാണ് ജയരാജൻ പിൻമാറിയതെന്നും സുധാകരൻ വ്യക്തമാക്കി.
ഗൾഫിൽ വച്ചാണ് പാർട്ടി മാറുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നത്. ചർച്ചയ്ക്ക് അന്നുണ്ടായിരുന്ന മദ്ധ്യസ്ഥൻ ഇതിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. പാർട്ടിക്ക് അകത്ത് ഇപി ജയരാജൻ അസ്വസ്തനാണ്. പാർട്ടി സെക്രട്ടറിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, ഇതിന് കഴിയാത്തതിൽ നിരാശനായിരുന്നു. ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിൽ ജയരാജൻ അവഗണിക്കപ്പെട്ട അവസ്ഥയിലാണെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായതുകൊണ്ട് മാത്രമാണ് അദ്ദേഹം തൽക്കാലം എൽഡിഎഫിൽ തന്നെ നിൽക്കുന്നത്. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്താകും അവസ്ഥയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
Discussion about this post