പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ പ്രചരണതന്ത്രങ്ങളുമായി ദിലീപ്. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 അതിഥിയായി ദിലീപ് എത്തുകയാണ്. താൻ നായകനാവുന്ന പുതിയ ചിത്രം പവി കെയർടേക്കറിൻറെ വിശേഷങ്ങൾ മത്സരാർഥികളുമായി പങ്കുവെക്കുന്നതിനാണ് ദിലീപ് എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏപ്രിൽ 26 ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യും.
അതേസമയം ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്തിരിക്കുന്ന പവി കെയർടേക്കറിൻറെ റിലീസ് 26 നാണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ എത്തുകയാണ് ചിത്രത്തിൽ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൽഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Discussion about this post