തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വികാരനിർഭരനായി ഇപി ജയരാജൻ. ജാവ്‌ദേക്കർ കൂടിക്കാഴ്ച്ചയെ കുറിച്ച് വൈകാരികമായാണ് ജയരാജൻ വിശദീകരിച്ചത്. ബിജെപിയോടുള്ള ഇപി ജയരാജന്റെ പോരാട്ട ചരിത്രവും ജയരാജൻ വിശദീകരിച്ചു.
തനിക്കെതിരെ ഗൂഡാലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കളാരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പോളിംഗ് ദിനം തന്നെ തുറന്നുപറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനായിരുന്നു. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം താൻ നേരത്തെ ഉപേക്ഷിച്ചതായിരുന്നു. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചതായും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടിക്ക് ദോഷം ചെയ്യുന്ന കാര്യമല്ല അത്. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചു. പാർട്ടിക്ക് എല്ലാം ബോധ്യമായി എന്നും എംവി ഗോവിന്ദൻ അറിയിച്ചു.
Discussion about this post