തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കിച്ച കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസ് എടുക്കാതെ പോലീസ്. ബസ് തടഞ്ഞെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ആണ് കേസ് എടുക്കാതെയുള്ള പോലീസിന്റെ ഒളിച്ചുകളി. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
കെഎസ്ആർടിസി ഡ്രൈവറാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് എന്നായിരുന്നു മേയറുടെ ആരോപണം. ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്നും മേയർ ആരോപിച്ചിരുന്നു. എന്നാൽ മേയറുടെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നിട്ടും ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസ് എടുക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണം ആയത്.
സംഭവത്തിൽ മേയർ പരാതി നൽകിയപ്പോൾ തന്നെ യദുവും പരാതി നൽകിയുരുന്നു. എന്നാൽ മേയറുടെ പരാതിയിൽ പോലീസ് ദ്രുതഗതിയിൽ നീക്കങ്ങൾ നടത്തുകയായിരുന്നു. അപ്പോൾ തന്നെ പരാതിയിൽ കേസ് എടുത്ത പോലീസ് ഒരു രാത്രി മുഴുവൻ യദുവിനെ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിന്റേതായിരുന്നു നടപടി. ഇതിനിടോ യദുവിനെ ജോലിയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തിരുന്നു.
അതേസമയം യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും മാറ്റി നിർത്തിയാൽ മതിയെന്നുമാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. യദുവിനെ പിരിച്ചുവിടുന്നത് വ്യാപക വിമർശനങ്ങൾക്ക് കാരണം ആകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Discussion about this post