ഏറ്റവും ആവേശപൂർവ്വം കാത്തിരിക്കുകയാണ് ജൂൺ നാലിനായി. അതുവരെയുള്ള കൂട്ടലും കുറക്കലും ഹരിക്കലും ഗുണിക്കലുമൊക്കെ നന്നായി ആസ്വദിച്ചു. കണക്കുകൂട്ടലുകൾ പാടേ തെറ്റിയത് രണ്ടായിരത്തി നാലിലാണ്. വാജ്പേയ് സർക്കാരിന് ഒരു രണ്ടാമൂഴം പ്രതീക്ഷിച്ചതാണ്. മോശമല്ലാത്ത ഭരണമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത് എന്ന് നിസ്സംശയം പറയാം. പക്ഷെ വിശാല പ്രതിപക്ഷത്തിന്റെ ഇലക്ഷൻ പ്രചാരണ തന്ത്രങ്ങൾക്കുമുൻപിൽ അദ്ദേഹത്തിന് കാലിടറി. കാർഗിൽ യുദ്ധവും പിന്നീടുണ്ടായ ശവപ്പെട്ടി കുംഭകോണം എന്ന ആരോപണവുമാണ് പരാജയകാരണമായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രണ്ടായിരത്തി ഒൻപതിൽ അദ്വാനിജിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കെട്ടുറപ്പുള്ള മുന്നണി രൂപീകരിക്കുവാൻ കഴിയാതെ പോയതും സംഘടനാ തലത്തിൽ ഉണ്ടായ ഒരു ആത്മവിശ്വാസക്കുറവും നില കൂടുതൽ പരുങ്ങലിലാക്കി.
2014 ൽ ആദ്യസമയങ്ങളിൽ ആരാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന ആശങ്കയായിരുന്നു. ഒടുവിൽ നരേന്ദ്രമോദി എന്ന പ്രഖ്യാപനം ഉണ്ടായപ്പോൾ ആശങ്ക അതിന്റെ പരമോന്നതിയിലെത്തിയിരുന്നു.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ പ്രതിപക്ഷം മോദിക്കും അമിത് ഷായ്ക്കും എതിരെ നടത്തിയ കടന്നാക്രമണം ആദ്യദിനങ്ങളിൽ അണികളെ വല്ലാതെ ആശങ്കയിലാഴ്ത്തി. ഗുജറാത്ത് മോഡൽ വികസനം എന്ന മുദ്രാവാക്യം കൊണ്ട് ആ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കഴിയില്ല എന്നുതന്നെയാണ് പ്രാഥമിക ഘട്ടത്തിൽ പ്രതീക്ഷിച്ചത്.
വർഗ്ഗീയത പറഞ്ഞു വോട്ട് നേടുവാനുള്ള പ്രതിപക്ഷത്തിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് വികസനം പറഞ്ഞു വോട്ടുനേടുവാൻ ബിജെപിയും തീരുമാനിച്ചതോടെ കളം മാറിത്തുടങ്ങി. നരേന്ദ്രമോദി എന്ന ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥി പ്രകടിപ്പിച്ച ആത്മവിശ്വാസവും ആത്മാർത്ഥതയും ഉറച്ച സംഘടനാ സംവിധാനങ്ങളും ബിജെപിക്കു കരുത്തേകി.
ബാബറി മസ്ജിദും ഗുജറാത്ത് കലാപവും ഗർഭവും ശൂലവും യാതൊരു ദാക്ഷിണ്യവുമില്ലാതെ നരേന്ദ്രമോദിക്ക് ചാർത്തിക്കൊടുത്ത നരാധമൻ എന്ന ദുഷ്പ്പേരും പക്ഷെ ബിജെപി യുടെ ആവേശത്തെ തകർത്തില്ല. NDA മുന്നണി അധികാരത്തിലെത്തും എന്ന് ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ BJP തനിച്ചു ഭൂരിപക്ഷം നേടിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അംബരിപ്പിച്ചു.
വികസിത ഭാരതം എന്ന അവരുടെ മുദ്രാവാക്യം ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു. നേതാക്കൾ പോലും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് അവർ ബിജെപിക്ക് സമ്മാനിച്ചത്. വർഷങ്ങളായി പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ള ശൂലവും ഗർഭവും ജനം പുച്ഛിച്ചു തള്ളി.
അന്തർദ്ദേശീയ തലത്തിൽ വലിയ ഇടപെടലുകൾ നടത്തുവാനും അംഗീകാരം നേടുവാനും ആദ്യ മോഡി സർക്കാരിനായി. ആർഷ ഭാരതസംസ്ക്കാരത്തിന്റെ സംഭാവനയായ യോഗ ലോകത്തേക്കൊണ്ട് അംഗീകരിപ്പിക്കുവാനും ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിപ്പിക്കുവാനുമായത് നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രി ലോകരാഷ്ട്രങ്ങൾക്കിടയിൽ നേടുന്ന അംഗീകാരത്തിന്റെ സാക്ഷ്യപത്രമായി.
നോട്ട് നിരോധനവും ജി എസ് റ്റി യും ഉൾപ്പെടെ ഭാരതത്തിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ ഒന്നാം മോദി സർക്കാർ കൊണ്ടുവന്നു, എന്നാൽ ബീഫ് നിരോധനം പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ ആളിക്കത്തിച്ചു. രാജ്യത്തെ വർഗ്ഗീയ സംഘർഷത്തിലേക്ക് നയിക്കുവാനാണ് പ്രതിപക്ഷം തുനിഞ്ഞത്. മുതലാഖ് നിരോധന നിയമം പാർലമെന്റിൽ പാസ്സാക്കാൻ സാധിച്ചത് ഒന്നാം മോദി സർക്കാരിന്റെ വിപ്ലവകരമായ നേട്ടങ്ങളിൽ ഒന്നാണ്.
പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ബേഠി ബചാവോ, ബേഠി പഠാവോ: പദ്ധതി, ഗംഗ നദിയുടെ ശുചീകരണത്തിനായി തുടങ്ങിയ നമാമി ഗംഗ പദ്ധതി, ഭവനമില്ലാത്ത ദാരിദ്രർക്കായി പ്രധാന മന്ത്രി ആവാസ് യോജന വഴി നിർമിച്ചു നൽകിയ ലക്ഷ കണക്കിന് വീടുകളും സ്വച്ഛഭാരത് മിഷൻ വഴി സാധാരണക്കാർക്കായന്ന് നിർമ്മിച്ചുനൽകിയ ലക്ഷക്കണക്കിന് ശൗചാലയങ്ങളും പ്രധാന മന്ത്രി ഉജ്വൽ യോജന വഴിനൽകിയ കോടിക്കണക്കിനു സൗജന്വ ഗ്യാസ് കണക്ഷനുകളും സഹജ് ബിജിലി ഹർ ഘർ യോജന വഴി സൗജന്യമായി നൽകിയ വൈദ്യുതി കണക്ഷനുകളും സാധാരണക്കാർക്ക് സാന്ത്വനമായി.
കോടിക്കണക്കിനു ജൻ ധൻ അക്കൗണ്ടുകൾ വഴി സാധാരണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളും കർഷകരുടെ ക്ഷേമത്തിനായി നൽകുന്ന കിസാൻ സമ്മാൻ നിധിയും വിവിധങ്ങളായ ക്ഷേമ പെൻഷനുകളും ഇൻഷുറൻസ് പദ്ധതികളും സാധാരണക്കാർക്ക് പുതുമയായിരുന്നു.
2019 ൽ പാകിസ്ഥാൻ നടത്തിയ പുൽവാമാ ആക്രമണത്തിനെതിരെ ഭാരതം പ്രതികരിച്ചത് അതിശക്തമായായിരുന്നു. ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ശക്തമായ ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നും രാജ്യസുരക്ഷായുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല എന്നും ജനങ്ങൾ ചിന്തിച്ചുതുടങ്ങിയ പശ്ചാത്തലത്തിൽ ആണ് 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത്.
ശൂലവും ഗർഭവും വിലപ്പോകില്ല എന്ന് മനസ്സിലാക്കിയ പ്രതിപക്ഷം പുൽവാമ അക്രമണവും സർജിക്കൽ സ്ട്രൈക്കും ആയുധമാക്കി. സൈനികരുടെ ആത്മവിശ്വാസം തകർക്കുന്ന പ്രസ്താവനകൾ അവർ നിരന്തരം നടത്തി. സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടേയില്ല എന്നവർ പ്രചരിപ്പിച്ചു, അതിന്റെ വീഡിയോ ഫുട്ടേജ് ആവശ്യപ്പെട്ടു.
എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ, ഒരു അഴിമതി ആരോപണം പോലും കേൾക്കാത്ത ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ടായിരുന്നു. റോഡ് റെയിൽ ഗതാഗത മേഖലയിലുണ്ടായ വിപ്ലവകരമായ പുരോഗതി അവർക്ക് അവിശ്വസനീയമായിരുന്നു. വികസനം എന്നാൽ എന്തെന്ന് അവർ തിരിച്ചറിയുകയായിരുന്നു, ഒപ്പം പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും. ഈ സാഹചര്യത്തിലായിരുന്നു 2019 ലെ പൊതുതിരഞ്ഞെടുപ്പ്. അർത്ഥശങ്കക്കിടമില്ലാത്ത രീതിയിൽ ജനം ബിജെപി നേതൃത്വം നൽകുന്ന മുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചു.
റോഡ് റെയിൽ വ്യോമഗതാഗത വികസനങ്ങൾക്കൊപ്പം സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് ഐഐറ്റികളും മെഡിക്കൽ കോളേജുകളും വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങളാണ് തുടർന്ന് രാജ്യത്തുണ്ടായത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഈ കാലയളവിൽ വലിയ പുരോഗതിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം മറ്റു വികസിതരാജ്യങ്ങളെ മറികടന്നു. വ്യവസായിക കാർഷിക മേഖലയിലുണ്ടായ കുതിച്ചുചാട്ടം രാജ്യത്തെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുവാൻ പോകുന്നു. ലോകരാജ്യങ്ങൾ ഒന്നടങ്കം സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ ഇന്ത്യൻ ജി ഡി പി കുതിക്കുകയാണ്. പ്രതിരോധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കി. പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ നിന്നും അത് കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയിലേക്ക് ഭാരതം ഉയർന്നു. വ്യവസായിക കാർഷിക മേഖലകളിലും വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
കാശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ഭരണഘടനയുടെ 370ആം വകുപ്പ് റദ്ദാക്കിയത് രണ്ടാം മോദി സർക്കാരിന്റെ കാലത്തെ വിപ്ലവകരമായ നേട്ടമാണ്. വലിയ സംഘർഷം രാജ്യത്ത് പ്രതീക്ഷിച്ചു എങ്കിലും വളരെ സമാധാനപരമായി കാശ്മീരിനെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ചേർക്കുവാൻ സർക്കാറിനായി. ഒരുകാലത്ത് വെടിയൊച്ചകൾ കൊണ്ടു മുഖരതമായ കശ്മീർ താഴ്‌വാരം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്.
മോഡി രാജ്യത്തെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നതിനൊപ്പം ഒരു ലോക നേതാവ് എന്ന പ്രതിഛായ നേടുവാനും അദ്ദേഹത്തിനായി. ഉക്രൈൻ റഷ്യ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച ശക്തമായ നിലപാടുകൾ അമേരിക്കക്ക് പോലും അംഗീകരിക്കേണ്ടിവന്നു. ഇന്ത്യൻ കറൻസി ഉപയോഗിച്ചു വിനിമയം നടത്തുവാൻ ലോകരാജ്യങ്ങൾക്ക് സമ്മതിക്കേണ്ടിവന്നു. ഇന്ധനവില നിയന്ത്രിച്ചുനിർത്തുവാൻ കഴിഞ്ഞത് മറ്റൊരു വലിയ നേട്ടമായി. ഇസ്രായേൽ പാൽസ്‌തീൻ സംഘർഷത്തിലും ഇന്ത്യൻ നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടു.
രാജ്യത്തു വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും എന്നുകരുതിയ കർഷക സമരം എങ്ങുമെത്താതെ അവസാനിച്ചതും സിഎഎ വളരെ സമാധാനപരമായ അന്തരീക്ഷത്തിൽ നടപ്പാക്കുവാൻ സാധിച്ചതും സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ഉറപ്പിച്ചിട്ടുണ്ട്. വല്ലാത്ത ഒരു സുരക്ഷിതത്വബോധവും ആത്മവിശ്വാസവുമാണ് ഇന്ന് ജനങ്ങളിൽ കാണുന്നത്.
ഈ സാഹചര്യത്തിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം മോഡി സർക്കാർ അധികാരമേൽക്കും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവും എന്നുതോന്നുന്നില്ല. അൻപതു കടക്കുവാൻ കോൺഗ്രസ്സിനാവുമോ, ഉള്ള മൂന്ന് നിലനിർത്തുവാൻ സിപിഎമ്മിനാവുമോ, എൻഡിഎ നാനൂറ് കടക്കുമോ, ബിജെപി തനിച്ച് എത്രസീറ്റ് നേടും എന്നൊക്കെയാണ് സത്യത്തിൽ ഇന്നത്തെ ചർച്ചകൾ.
ഇത്രയും ദുർബ്ബലമായൊരു പ്രതിപക്ഷ നിര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ തൊടുക്കുവാനുള്ള ഒരായുധവും ആവനാഴിയിലില്ലാതെ അസ്ഥപ്രജ്ഞരായി നിൽക്കുന്ന പ്രതിപക്ഷത്തെ ആണ് നാം കാണുന്നത്. പത്തുവർഷങ്ങൾക്ക് ശേഷവും ഭരണവിരുദ്ധവികാരം എവിടെയും കാണാനില്ല. എന്നാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെ തങ്ങളുടെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുവാൻ കഴിഞ്ഞത് ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന് നാനൂറു തികഞ്ഞില്ലെങ്കിൽ കടന്നാക്രമിക്കാം എന്നതാണ് ഇപ്പോൾ പ്രതിപക്ഷം സ്വപ്നം കാണുന്നത്.
ഒന്നുറപ്പിക്കാം, മുന്നൂറിനു മുകളിൽ സീറ്റ് ബിജെപിയും മുന്നൂറ്റി അമ്പതിന് മുകളിൽ എൻഡിഎയും നേടും. സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയ പദവി നഷ്ടപ്പെടും. അൻപതു തൊട്ടാൽ കോൺഗ്രസ്സിന് ഭാഗ്യം എന്ന് കരുതാം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. അത് ഒന്നിലേകൂടുതൽ സീറ്റുകളോടെ ആയിരിക്കും.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ജന്മശതാബ്ദി വർഷം ആണ് 2025. അതുകൊണ്ടുതന്നെ ആവേശം പകരുന്ന വമ്പൻ പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും മൂന്നാം മോദി സർക്കാർ നടപ്പിലാക്കുവാൻ പോകുന്നത്.
Discussion about this post