ആലപ്പുഴ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഇടത് സ്ഥാനാർത്ഥി എ.എം ആരിഫിന് ഇക്കുറി കനത്ത തിരിച്ചടി. മണ്ഡലത്തിൽ ഒരു തവണ പോലും മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ ആണ് മണ്ഡലത്തിൽ മുന്നേറുന്നത്.
നിലവിൽ രണ്ടാം സ്ഥാനത്താണ് എഎം ആരിഫ്. എന്നാൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തൊട്ട് പിന്നിലുണ്ട്. സിറ്റിംഗ് എംപിയ്ക്ക് മുന്നേറാൻ കഴിയാത്തത് ഇടത് പക്ഷത്തിന് വലിയ തിരിച്ചടിയാണ്. നിലവിൽ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്.
2,33,269 വോട്ടുകളാണ് ആരിഫിന് ലഭിച്ചിരിക്കുന്നത്. 2,10,928 വോട്ടുകൾ ശോഭാ സുരേന്ദ്രനും ലഭിച്ചിട്ടുണ്ട്. 2,80,223 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ നേടിയിരിക്കുന്നത്.
സിറ്റിംഗ് എംപിയെ ഇറക്കി മണ്ഡലം നിലനിർത്താൻ ആയിരുന്നു എൽഡിഎഫിന്റെ ശ്രമം. എന്നാൽ മണ്ഡലത്തിൽ വികസനം എത്തിക്കാൻ കഴിയാതിരുന്നത് ഇക്കുറി തിരിച്ചടി ആയി എന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിയായിട്ടുണ്ട്. അതേസമയം ഇക്കുറി മണ്ഡലത്തിൽ എൻഡിഎ വോട്ട് നില ഉയർത്തിയിട്ടുണ്ട്. നാൽപ്പതിനായിരത്തിലധികം വോട്ടുകളാണ് അധികമായി എൻഡിഎ നേടിയത്.
Discussion about this post