തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി. സുരേഷ് ഗോപിയിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ്. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി തൃശൂരിൽ താമര വിരിയിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ബിജെപി കൂടുതൽ ശക്തിയാർജിക്കുന്നതിന്റെ നേർ കാഴ്ച്ചയാണ് സുരേഷ് ഗോപിയുടെ ചരിത്ര വിജയം.
എതിരാളികൾക്ക് ശക്തമായ വെല്ലുവിളി നൽകിക്കൊണ്ട് കൂടുതൽ വോട്ടുകൾ പിടിച്ചെടുക്കുകയാണ് ബിജെപി. തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിനൊപ്പം മറ്റ് മണ്ഡലങ്ങളിലും കനത്ത മത്സരം തന്നെയാണ് കാഴ്ച്ച വച്ചത്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം തന്നെയായിരുന്നു അരങ്ങേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപി നേടി.
സാസ്‌കാരിക തലസ്ഥാനത്ത് ബിജെപി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സംസ്ഥാന തലസ്ഥാനത്ത് മൂന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തി. 3,42,078 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 3,16,142 വോട്ടുകൾ നേടി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം നിലനിർത്തിയിരുന്നു.
ത്രികോണ പോരാട്ടം നടന്ന ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ 3,07,133 വോട്ടുകളാണ് പിടിച്ചെടുത്തത്. വിജയിച്ച അടൂർ പ്രകാശ് 3,22,884 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ ബിജെപി ശോഭാ സുരേന്ദ്രനെ കളത്തിലിറക്കിയപ്പോൾ കുത്തനെയുള്ള വോട്ട് വർദ്ധനയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 2,48,081 വോട്ടുകളാണ് അന്ന് ശോഭ സുരേന്ദ്രൻ നേടിയത്. ഇത്തവണ ശോഭ നേടിയ വോട്ടുകളെയും കടത്തി വെട്ടിയിരിക്കുകയാണ് വി മുരളീധരൻ.
ആറ്റിങ്ങലിൽ ഒതുങ്ങുന്നില്ല, ബിജെപിയുടെ കേരളത്തിലെ പോരാട്ടം. ആലപ്പുഴ മണ്ഡലത്തിലും ബിജെപിയ്ക്ക് വൻ വോട്ട് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെഎസ് രാധാകൃഷ്ണൻ 1,87,729 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ 2,99648 വോട്ടുകളാണ് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ നേടിയത്. മത്സരിക്കുന്നിടത്തെല്ലാം വോട്ട് ശതമാനം കുത്തനെ ഉയർത്തുന്ന ചരിത്രമാണ് എന്നും ബിജെപിയുടെ ഈ കരുത്തുറ്റ വനിതാ നേതാവിനുള്ളത്.
കാസർകോട്, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണ 1,76,049 വോട്ടുകളാണ് ബിജെപി നേടിയതെങ്കിൽ കന്നിയങ്കത്തിൽ തന്നെ ബിജെപിയ്ക്ക് വേണ്ടി എംഎൽ അശ്വിനി 2,17,669 വോട്ടുകൾ നേടി. പത്തനംതിട്ടയിൽ ബിജെപിയുടെ യുവ നേതാവ് അനിൽ കെ ആന്റണി 2,34,406 വോട്ടുകളും പാലക്കാട് സി കൃഷ്ണകുമാർ 2,51,778 വോട്ടുകളും നേടി.
കോഴിക്കോട് മണ്ഡലത്തിൽ ബിജെപി രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ 161,216 വോട്ടുകളാണ് കോഴിക്കോട് ബിജപി നേടിയതെങ്കിൽ ഇത്തവണ എംടി രമേഷ് 1,80,666 വോട്ടുകളാണ് നേടിയത്. ആലത്തൂരിലും ബിജെപി വോട്ടുകൾ രണ്ട് ലക്ഷത്തിനോടടുത്തു. ബിജെപിയ്ക്കായി 1,88230 വോട്ടുകളാണ് ഡോ ടിഎൻ സരസു നേടിയത്. 2019ൽ എൻഡിഎ സ്ഥാനാർത്ഥി ടിവി ബാബു 89,837 വോട്ടുകൾ മാത്രമാണ് നേടിയത്. ചാലക്കുടി, എറണാകുളം, കണ്ണൂർ, കൊല്ലം, മാവേലിക്കര, കോട്ടയം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിൽ ബിജെപി ഒരു ലക്ഷത്തിലധികം വോട്ടുകൾ ഇത്തവണ നേടി.
Discussion about this post