ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പ്രതിപക്ഷ നേതാവിനായുള്ള ചർച്ചകൾ വേഗത്തിലാക്കി ഇൻഡി സഖ്യം. രാഹുലിനെ പ്രതിപക്ഷ നേതാവാക്കാനാണ് നിലവിലെ തീരുമാനം എന്നാണ് സൂചന. ചർച്ചകൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇൻഡി പുറത്തുവിടും.
കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ നേതാവാകാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും രാഹുൽ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇക്കുറി സ്ഥാനം ഏറ്റെടുക്കാൻ രാഹുലിന് മേൽ സമ്മർദ്ദം ഏറുകയാണ്. ലോക്‌സഭയിൽ ഇൻഡി സഖ്യത്തെ നയിക്കാൻ രാഹുലിനെക്കാൾ കരുത്തനായ നേതാവ് വേറെയില്ലെന്നാണ് നിലവിൽ ഇൻഡി വിലയിരുത്തുന്നത്. വർക്കിംഗ് കമ്മിറ്റി യോഗത്തിലും നേതാക്കൾ ഇക്കാര്യം ഉന്നയിക്കും. മുൻ വർഷങ്ങളിലേത് പോലെ ആവശ്യം രാഹുൽ തള്ളുകയാണെങ്കിൽ സമ്മർദ്ദം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ രണ്ട് തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ തുടർന്നായിരുന്നു രാഹുൽ പ്രതിപ്ക്ഷ നേതാവാകാൻ വിസമ്മതിച്ചത്. 2014 ൽ 44 ലോക്‌സഭാ സീറ്റുകൾ ആയിരുന്നു കോൺഗ്രസിന് ലഭിച്ചത്. 2014 ൽ മല്ലികാർജ്ജുൻ ഖാർഗെ ആയിരുന്നു പ്രതിപക്ഷ നേതാവ്. 2019 ൽ 54 സീറ്റുകൾ ആയിരുന്നു കോൺഗ്രസിന് ലഭിച്ചത്. ആധിർ രഞ്ജൻ ചൗധരി ആയിരുന്നു മുൻ പ്രതിപക്ഷ നേതാവ്.
Discussion about this post