മുംബൈ: മൂന്നാം വട്ടം അധികാരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മോദി സര്‍ക്കാരിനെ പ്രശംസിച്ച് മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കര്‍. മൂന്നാം തവണയും വിജയം നേടി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തുന്ന സത്യപ്രതിജ്ഞ ഭാരതത്തിന് ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ മുഹൂര്‍ത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ വളരെ ചുരുക്കം പ്രധാനമന്ത്രിമാര്‍ക്ക് മാത്രം സ്വന്തമാക്കാനായ നേട്ടമാണ് മൂന്നാമൂഴത്തിലൂടെ മോദി സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കിത് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ്. വളരെ ചുരുക്കം പ്രധാനമന്ത്രിമാര്‍ മാത്രം കരസ്ഥമാക്കിയ നേട്ടമാണ് അദ്ദേഹത്തിന് നേടാനായത്. എതിര്‍ പാര്‍ട്ടിക്കാര്‍ മുന്നോട്ട് വെച്ച ആരോപണങ്ങള്‍ എന്തൊക്കെയായാലും അതിനെയെല്ലാം അദ്ദേഹം നിഷ്പ്രഭമാക്കിയിരിക്കുന്നു. ദീപക് കേസര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായെത്തും.
രാഷ്ട്രപതിഭവന്‍, കര്‍ത്തവ്യപഥ് തുടങ്ങിയവയ്ക്ക് പുറമെ, താജ്, മൗര്യ, ലീല, ഒബ്‌റോയ് എന്നിവയുള്‍പ്പെടെ വിദേശ പ്രമുഖര്‍ താമസിക്കുന്ന ഹോട്ടലുകളും കനത്ത സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ രാജ്യാതിര്‍ത്തികളിലും, വിവിധ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.. ഇതിനായി ചിലയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി ഭവനില്‍ സമഗ്രമായ സുരക്ഷാ അവലോകനവും നടത്തിയിരുന്നു.













Discussion about this post