നടപടി സ്വീകരിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളെ ഗൗരവതരമായി കാണണമെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തി ചിത്രീകരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാറിനുള്ളില്‍ നീന്തല്‍ക്കുളമൊരുക്കിയ സഞ്ജു ടെക്കിയുടേതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. വാഹനങ്ങളുടെ രൂപമാറ്റവിഷയത്തില്‍ 2022 മുതല്‍ തന്നെ നിരന്തരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പ് പരാജയപ്പെടുകയാണെന്ന് കോടതി വിമര്‍ശിച്ചു.
ഇക്കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ തയ്യാറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍ ജിപിപി സന്തോഷ് കുമാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് കോടതി പറഞ്ഞു. നിലവിലെ ഉത്തരവുകള്‍ നടപ്പാക്കുകയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം.വാഹനത്തിന്റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും.നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം.വാഹനങ്ങളില്‍ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post