ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ഒരുക്കിയ കറി ആന്‍ഡ് സയനൈഡിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.
സിനിമ ചെയ്യാന്‍ വേണ്ടി താന്‍ നാല് വര്‍ഷമാണ് എടുത്തെന്നും മിസ്സാക്കിയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ എന്നും ഉര്‍വശി പറയുന്നു. ‘ഈ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമാണ് ക്രിസ്റ്റോ ടോമി കാത്തിരുന്നത്. 2018 മുതല്‍ അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ട് ഞാന്‍ അത് ചെയ്യുന്നത് 2022 അവസാനത്തോട് കൂടിയാണ്.
അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് ഞാനിത് മിസ് ചെയ്തു പോയെങ്കില്‍ നഷ്ടമായിരുന്നെന്ന് മനസിലായത്. ത്രില്ലറും ഇമോഷന്‍സുമൊക്കെ ഇണങ്ങിയ മൂവിയാണ്. നാല്‍പത് ദിവസം മുട്ടൊപ്പം വെള്ളത്തില്‍ നിന്നാണ് അഭിനയിച്ചത്. ഇക്കാര്യമാണ് എടുത്തു പറയേണ്ട സംഗതി. കാലൊക്കെ കറുത്ത് പോയി. തോട്ടില്‍ നിന്നുള്ള വെള്ളം അടിച്ചു കേറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്.
നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അവസാനം വെള്ളത്തില്‍ നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. അതിന്റെ റിസള്‍ട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ട്’ ഉര്‍വശി പറഞ്ഞു.
റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്.
2018-ല്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്.
സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമി പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 61ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി. തുടര്‍ന്ന് കന്യക എന്ന ചിത്രത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു.
അതേസമയം , പാര്‍വ്വതി തിരുവോത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല. 2022ല്‍ പുറത്തിറങ്ങിയ പുഴുവാണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘വണ്ടര്‍ വിമെനി’ല്‍ പാര്‍വതിയുണ്ടായിരുന്നെങ്കിലും സിനിമ ഇംഗ്ലീഷിലായിരുന്നു.
Discussion about this post