കോഴിക്കോട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ – മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ഹരിത കർമ്മ സേന.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം നിശ്ചയിച്ച യൂസർഫീ വാങ്ങിയാണ് ഇവർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത്. ഹരിതകർമ്മ സേനയുടെ മാലിന്യശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള ഹരിത മിത്രം മൊബൈൽ ആപ്പും സജീവമാണ്.
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കിയിരിക്കുന്ന ആപ്പിന്റെ പൂർണരൂപം. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഹരിത കർമ്മ സേനാംഗങ്ങളോ ഓക്സിലറി ഗ്രൂപ്പോ ക്യു ആർ കോഡ് പതിക്കും.ഈ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വീട് അല്ലെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർ ഫീ, യൂസർ ഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ എന്നിവ ലഭിക്കും.
ഹരിത കർമ്മ സേന പ്രവർത്തകരുടെ പെരുമാറ്റം, വീട്ടുകാർ, സ്ഥാപന നടത്തിപ്പുകാർ എന്നിവരുടെ ഹരിത കർമ്മ സേനയോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ആപ്പിൽ ലഭിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും വരിസംഖ്യ അടക്കാനുമുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്.
ആദ്യഘട്ടത്തിൽ 376 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നാല് കോർപ്പറേഷനുകളിലും 59 മുനിസിപ്പാലിറ്റികളിലും 313 ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പൂർത്തിയാകുമ്പോൾ ആദ്യഘട്ടത്തിൽ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്രോതസ്സുകളുടെ എൻറോൾമെന്റ് പ്രക്രിയ പൂർത്തിയായി. ശേഷിക്കുന്ന എൽഎസ്ജിഐഎസിലേക്ക് ഡിജിറ്റൈസ് ചെയ്ത സേവനങ്ങൾ ഉയർത്താൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട എൻറോൾമെന്റ് പ്രക്രിയ 2023 ജനുവരിയിൽ ആരംഭിച്ചു. 100 ശതമാനം മാലിന്യ സ്രോതസ്സുകളുടെ എൻറോൾമെന്റ് പൂർത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആപ്പ് പ്രവർത്തനക്ഷമമാകും
Discussion about this post