ആലപ്പുഴ: രാഷ്ട്രീയ തിരക്കുകൾക്കിടെ റീൽസിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്ന് കായംകുളം എംഎൽഎ യു പ്രതിഭ. ഫേസ്ബുക്കിൽ പങ്കുവച്ച പ്രതിഭയുടെ റീൽ ആണ് നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആയത്. കൃഷ്ണ വിഗ്രഹവും കയ്യിലേന്തിയുള്ള വീഡിയോ സോഷ്യൽ മീഡിയയിലെ പ്രതിഭയുടെ ആരാധകർക്കും പുതുമയുള്ളതായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു പ്രതിഭ വീഡിയോ പങ്കുവച്ചത്. താനൊരു കൃഷ്ണ ഭക്തയാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആയിരുന്നു വീഡിയോ. യു. പ്രതിഭ ഹൃദയപക്ഷമെന്ന സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു വീഡിയോ പുറത്തുവിട്ടത്. മോഹൻലാൽ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം വടക്കുന്നാഥനിലെ കളഭം തരാം ഭഗവാനെൻ മനസും തരാം എന്ന പാട്ടിനൊപ്പമായിരുന്നു വീഡിയോ. വീട്ടിലെ പൂന്തോട്ടത്തിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ അവസാനം പ്രതിഭ കൃഷ്ണന്റെ വിഗ്രഹം കയ്യിലേന്തി താലോലിക്കുന്നുണ്ട്. ഇതാണ് സോഷ്യൽ മീഡിയയ്ക്ക് പുതുമയായി തോന്നിയത്.
29 സെക്കന്റ് ആയിരുന്നു വീഡിയോയുടെ ദൈർഘ്യം. ബി പോസിറ്റീവ് ആൾവേയ്‌സ് എന്ന തലക്കെട്ടും പ്രതിഭ വീഡിയോയ്ക്ക് മുകളിലായി നൽകിയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ മൂവായിരത്തിലധികം പേരാണ് കമന്റ് ചെയ്തത്. തിരക്കിട്ട ജീവിതത്തിലെ, വ്യക്തിപരമായ കൊച്ചുകൊച്ചു സന്തോഷങ്ങൾ. ജീവിതം ഒന്നേയുള്ളു. ആസ്വദിക്കുക. ആശംസകൾ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. രാഷ്ട്രീയത്തിനതീതമായ് ഇങ്ങനെ ചിന്തിച്ചു ജീവിക്കുന്നതിൽ സന്തോഷം. ഈശ്വരോ രക്ഷയെന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് കമന്റായി ചോദിക്കുന്നവരുമുണ്ട്.
Discussion about this post