ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം പിഎം ഓഫീസിൽ ജീവനക്കാരെ ആദ്യമായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോലിക്ക് സമയരിധിയില്ലെന്ന് പ്രധാനമന്ത്രി ജീവനക്കാരോട് പറഞ്ഞു. രാവിലെ കൃത്യസമയത്ത് വന്ന് കൃത്യ സമയത്ത് പേകാമെന്ന് ചിന്തിക്കരുത്. ചിന്തകൾക്കും പ്രവൃത്തികൾക്കും അതിരുകളില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘നാം ജോലി ചെയ്യുമ്പോൾ മൂന്ന് കാര്യങ്ങളാണ് മനസിൽ വയ്‌ക്കേണ്ടത്. അതിലൊന്നാണ് ചിന്തകളിലെ വ്യക്തത. എന്തൊരു കാര്യത്തിനും വേണ്ടത് ഈ വ്യക്തതയാണ്. നാം ഏത് വഴിയിലൂടെ പോകണം, നമുക്ക് എന്ത് വേണമെന്നുമുള്ള ഈ വ്യക്തത നമുക്ക് എന്നും ഉണ്ടാകണം. അടുത്തതാണ് നമ്മുടെ ബോധ്യത്തിലുള്ള വിശ്വാസം. ഇത് മാത്രമല്ല, ഇതിനോടൊപ്പം നമുക്ക് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ ചെയ്ത് തീർക്കുകയും നമ്മുടെ സമയം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യണം’- പ്രധാനമന്ത്രി പറഞ്ഞു.
കൃത്യ സമയത്ത് ജോലി ആരംഭിച്ച് ജോലി അവസാനിക്കുന്ന ആളുകളല്ല നാമെല്ലാം. നമ്മുടെയെല്ലാം ജോലി ഒരിക്കലും സമയബന്ധിതമല്ല. നമ്മുടെയൊന്നും ചിന്തകൾക്ക് അതിരുകളോ മാനദണ്ഡങ്ങളോ ഇല്ല. ഇവിടെയിരിക്കുന്നവരെല്ലാം എന്റെ ടീമാണ്. എന്റെ രാജ്യം ഈ ടീമിനെ വിശ്വസിക്കുന്നു’- മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ നരേന്ദ്ര മോദി ഉദ്യോഗസ്ഥർ തികഞ്ഞ ഹർഷാരവത്തോടെയും കയ്യടികളോടെയും ആണ് വരവേറ്റത്. പ്രധാനമന്ത്രി ഓഫീസിൽ എത്തിയ നരേന്ദ്രമോദി വൈകാതെ തന്നെ ആദ്യ പ്രവൃത്തി ദിനത്തിലെ ആദ്യ ഫയൽ ഒപ്പിട്ടു. പിഎം കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കാൻ അനുമതി നൽകുന്ന ഫയലിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും അധികാരമേറ്റ ശേഷം ആദ്യമായി ഒപ്പുവെച്ചത്.
Discussion about this post