കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് താൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ടതെന്ന് ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ആശുപത്രിയിൽ പാവപ്പെട്ട കുട്ടികൾക്ക് ഓപ്പറേഷന് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ സുരേഷ് ഗോപി ഇടക്കിടെ വരുമെന്ന് നഴ്‌സ് പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ താൻ ആദ്യമായി ശ്രദ്ധിക്കുന്നത്. ഇങ്ങനെയുള്ള വ്യക്തികൾ ഇവിടെയുണ്ടോ എന്നാണ് തനിക്കന്ന് തോന്നിയത്. അന്ന് തുടങ്ങിയ ബന്ധമാണ് സുരേഷ് ഗോപിയുമായി എന്നും ശാരദ ടീച്ചർ പറഞ്ഞു.
നിങ്ങൾ സുരേഷ് ഗോപിയെ കാണുന്നത് രാഷ്ട്രീയക്കാരനായി ആയിരിക്കും. എന്നാൽ, താൻ കാണുന്നത് നല്ലൊരു വ്യക്തി എന്ന നിലയിലാണ് എന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു. അദ്ദേഹം വീട്ടിൽ വരുന്നതിൽ പുതുമയില്ല. ഇതിന് മുൻപും വീട്ടിൽ വന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമാണ്. അദ്ദേഹം വീട്ടിൽ വരുന്നതിൽ രാഷ്ട്രീയമില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.
കണ്ണൂർ എത്തുമ്പോഴെല്ലാം സുരേഷ് ഗോപി വിളിക്കാറുണ്ട്. തനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കണമെന്ന് പറയും. വരുമ്പോഴെല്ലാം അദ്ദേഹത്തിന് വേണ്ടി ഭക്ഷണമുണ്ടാക്കി വയ്ക്കും. രാഷ്ട്രീയം നോക്കിയല്ല സുരേഷ് ഗോപി വീട്ടിൽ വരുന്നത്. താനും അത് നോക്കാറില്ല. കേന്ദ്ര സഹ മന്ത്രിയായി ആണ് ഇത്തവണ വരുന്നതെങ്കിലും അതിൽ പുതുമയൊന്നും തോന്നുന്നില്ലെന്നും ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.
അതിനിടെ ഇന്ന് രാവിലെയോടെ കണ്ണൂരിലെത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാടായി കാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. രാജരാജേശ്വര ക്ഷേത്രം, പറശിനികാവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലും അദ്ദേഹം ദർശനം നടത്തും. ഇതിന് പിന്നാലെയാണ് കല്യാശേരിയിലെ ഇകെ നായനാരുടെ വീട്ടിലെത്തുക.
Discussion about this post