വീട് പുതുക്കി പണിയുന്നതിനിടെ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷം പഴക്കമുള്ള സ്വർണനാണയങ്ങൾ. യുകെ ഡോർസെറ്റിൽ താമസിക്കുന്ന ബെറ്റി, റോബർട്ട് ഫോക്‌സ് ദമ്പതികളാണ് വീട് പണിയുന്നതിനിടെ സ്വർണനാണയങ്ങൾ കണ്ടെത്തിയത്. 1000 സ്വർണം, വെള്ളി നാണയങ്ങളാണ് മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്.
അടുത്തിടെയാണ് ഇവർ ഒരു വീട് വാങ്ങിയത്. ഇത് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. അടുക്കളയിലെ തറ കുഴിക്കുന്നതിനിടെ മണ്ണിൽ എന്തോ ഇടിക്കുന്ന ശബ്ദം കേൾക്കുകയായിരുന്നു. എന്നാൽ, കല്ലോ ഇഷ്ടികയോ മറ്റോ ആണെന്ന് ആയിരുന്നു കരുതിയത്. കൂടുതൽ കുഴിച്ചപ്പോഴായിരുന്നു തകർന്ന മൺപാത്രത്തിനുള്ളിൽ വെള്ളിയുടെയും സ്വർണത്തിന്റെയും നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
നാണയങ്ങൾ കണ്ടെത്തിയതോടെ ദമ്പതികൾ പ്രാദേശിക അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ ബ്രിട്ടീഷ് മ്യൂസിയത്തെ അറിയിച്ചു. തുടർന്ന് നാണയങ്ങൾ വൃത്തിയാക്കാനും തിരിച്ചറിയാനും കഴിയുന്ന വിദഗ്ധർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
പോർട്ടൻ കോയിൻ ഹോൾഡ് എന്ന് വിളിക്കപ്പെടുന്ന നാണയങ്ങൾ, ആറ് പെൻസുകൾ മുതൽ 20 ഷില്ലിംഗ് വിലയുള്ള സസ്വർണ നാണയങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. എഡ്വേർഡ് ആറാമൻ, മേരി രാജ്ഞി, ഭർത്താവ് ഫിലിപ്പ്, എലിസബത്ത് ഒന്നാമൻ, ജെയിംസ് ഒന്നാമൻ, ചാൾസ് ഒന്നാമൻ തുടങ്ങിയ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ മുഖങ്ങളാണ് നാണയങ്ങളിൽ ഉണ്ടായിരുന്നത്. ഏകദേശം, 63 ലക്ഷം മൂല്യമാണ് ഇതിന് കണക്കാക്കുന്നത്.
Discussion about this post