കണ്ണൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് വിളിക്കുന്നതെന്ന് ഇ കെ നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നും ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു.
സുരേഷേ വാ എന്ന് പറഞ്ഞ് കൈപിടിച്ചാണ് ശാരദടീച്ചർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്. ടീച്ചറുടെ കാൽ തൊട്ടുവന്ദിച്ച് അദ്ദേഹം അനുഗ്രഹവും തേടി.നായനാരുടെ മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന് വീട്ടിലെത്തിയിരുന്നു.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുടെ ആദ്യ സന്ദർശനം. കേറി വാ സുരേഷേ…’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന് എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്…. ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി. ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം. സ്വകാര്യ സംഭാഷണം.
നായനാരെ കുറിച്ചുള്ള ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ ‘പ്രിയ സഖാവ്’ സുരേഷ് ഗോപിക്ക് നൽകി. പുസ്തകം വായിച്ച് അഭിപ്രായം അറിയിക്കണം – ടീച്ചർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചാണ് സുരേഷ് മടങ്ങിയത്. കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂർ പഴയങ്ങാടിയിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനത്തിന് ശേഷമാണ് ശാരദ ടീച്ചറെ കാണാനെത്തിയത്. പിന്നീട് പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപം സന്ദർശിച്ചു. വൈകിട്ട് കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി.
ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്. ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത് ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്. മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.
Discussion about this post