കോഴിക്കോട്: പന്തീരങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയിലായെന്ന് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.യുവതി ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ടവർ ലൊക്കേഷനാണ് പോലീസിന് ലഭിച്ചിരുന്നത്. യുവതിയെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മർദനത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം പറഞ്ഞത്.
യുവതിയുടെ പരാതിയിൽ ഭർത്താവ് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇതെല്ലാം പെൺകുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു.













Discussion about this post