കൊച്ചി: ചോറ്റാനിക്കര ദേവിക്ഷേത്രത്തിൽ ഇന്ന് രാവിലെ തീപിടുത്തമുണ്ടായി. ഉടനെ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അവധിദിനമായതിനാൽ ഇന്ന് ക്ഷേത്രത്തിൽ നിരവധിപേരാണ് എത്തിയിരുന്നത്.
രാവിലെ ആറരയോടെ മേൽക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയിൽ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പിൽ നിന്നുള്ള തീ ആളിക്കത്തി മേൽക്കൂരയിലേക്ക് പടർന്നത്. മേൽക്കൂരയ്ക്ക് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.തീയും പുകയും പടർന്നപ്പോൾ ജീവനക്കാരും ഭക്തരും ചേർന്ന് വെള്ളം കോരിയൊഴിച്ചും പമ്പു ചെയ്തുമാണ് പത്ത് മിനിറ്റിനകംതീ അണച്ചത്.
തീപിടുത്തതെ തുടർന്ന് കുറച്ചുനേരം ദർശനം നിറുത്തിവച്ചു. നിവേദ്യം വീണ്ടും തയ്യാറാക്കി അർപ്പിച്ച ശേഷം ഒരു വശത്തുകൂടി മാത്രമാണ് ദർശനം അനുവദിച്ചത്. തന്ത്രി സ്ഥലത്തെത്തി പുണ്യാഹം നടത്തിയ ശേഷം ഉച്ചയോടെയാണ് നട വീണ്ടും തുറന്ന് നിയന്ത്രണങ്ങൾ മാറ്റിയത്.












