എറണാകുളം: കോർട്ട് ഫീസ് വർദ്ധനയ്‌ക്കെതിരെ ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ഫീസ് വർദ്ധന സർക്കാർ സ്വമേധയാ പിൻവലിക്കണം എന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു. സാധാരണക്കാരായ കക്ഷികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ആണെന്നും ലീഗൽ സെൽ വ്യക്തമാക്കി.
അഭിഭാഷകരെയും സാധാരണക്കാരായ കക്ഷികളെയും ബാധിക്കുന്ന കോർട്ട് ഫീസുകളുടെ വർദ്ധന സർക്കാർ സ്വമേധയാ പിൻവലിക്കണം. ചെക്കു കേസുകൾ, കുടുംബ കോടതി കേസ്സുകൾ എന്നിവയ്ക്ക് കോർട്ട് ഫീസ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം നടപ്പാക്കിയത് ഇത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് വികെ മോഹനൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയിട്ടുള്ളത്. ഇത് സാധാരണക്കാരായ കക്ഷികൾക്ക് കേസ്സ് ഫയൽ ചെയ്യുന്നതിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ലീഗൽ സെൽ കൂട്ടിച്ചേർത്തു.
ഫീസ് വർദ്ധന മൂലം കോടതിയെ സമീപിക്കാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടുകയും കുടുംബ കോടതികളിൽ ഹർജി ഫയൽ ചെയ്യുന്നതിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ആണ്. ജുഡിഷ്യൽ സ്റ്റാമ്പിന്റെ നിരക്കു വർദ്ധന ഹർജികൾ ഫയൽ ചെയ്യുന്നത് കുറയ്ക്കും.
കുടുംബ കോടതികളിൽ സ്വത്തു വകകൾക്ക് ഫാമിലി കോർട്ട് ആക്ട് പ്രകാരം ഉള്ള ഹർജിക്ക് കോർട്ട് ഫീ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സാധാരണക്കാരായ സ്ത്രീകൾക്കും, ഗാർഹിക പീഢനത്തിലും കുടുംബ തർക്കങ്ങളിലും ഇരകൾ ആയവർക്കും മേൽ സർക്കാർ നടത്തുന്ന ദ്രോഹ നടപടിയാണ്.അതു പോലെ തന്നെ പണം കൊടുത്ത് വഞ്ചിതരാക്കുന്ന സാധാരണ പരാതിക്കാർക്ക് കോടതിയിൽ ചെക്കു കേസുകൾ നൽകി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും കഴിയാതെ വരും.
ക്രിമിനൽ കേസുകളിൽ ഹർജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം നീതിരഹിതവും നിയമവിരുദ്ധവുമാണ്. കോർട്ട് ഫീസുകൾ വർദ്ധിപ്പിക്കുമ്പോൾ അഭിഭാഷകരുമായോ സംഘടനകളുമായോ ചർച്ച ചെയ്ത് അഭിപ്രായം തേടുന്ന നടപടി ഉണ്ടായില്ല. നിരാലംബരായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാത്തതാണ് സർക്കാർ നടപടി. കോർട്ട് ഓഫീസ് വർദ്ധിപ്പിച്ച് വരുമാനം ഉണ്ടാക്കാനുള്ള ഹീന ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണം എന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ പി കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി ദിനേശ് അധ്യക്ഷതവഹിച്ചു അഡ്വ അരവിന്ദൻ, അഡ്വ ലക്ഷ്മി, അഡ്വ പ്രേമരാജ് എന്നിവർ സംസാരിച്ചു.
Discussion about this post