കണ്ണൂർ: എരത്തോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രദേശവാസികൾ. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കാറുണ്ടെന്ന് മരിച്ച വേലായുധന്റെ അയൽവാസി സീന വെളിപ്പെടുത്തി. നേരത്തെയും ഇത്തരത്തിൽ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. പാർട്ടിക്കാർ പോലീസെത്തും മുമ്പ് ബോംബുകൾ എടുത്ത് മാറ്റും ഭയന്നിട്ടാണ് ആരും പുറത്ത് പറയാത്തത് എന്ന് സീന പറഞ്ഞു.
തൊട്ടടുത്തുള്ള പറമ്പിൽ നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പോലീസ് വരുന്നതിന് മുൻപ് പാർട്ടിക്കാർ ചേർന്ന് അതെല്ലാം എടുത്തുമാറ്റി? ഭയന്നിട്ടാണ് ഇവിടെയുള്ളവരാരും ഒന്നും പ്രതികരിക്കാത്തത്. ഇപ്പോൾ സഹികെട്ടാണ് തുറന്ന് പറയുന്നത്. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ജീവിക്കാൻ അനുവധിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷയെന്നും യുവതി പറഞ്ഞു.
ഒരാൾ മരിച്ചതുകൊണ്ട് മാത്രമാണ് ഇതെല്ലാം പുറത്തേക്ക് വന്നത്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. ഇതെല്ലാം പുറത്ത് പറഞ്ഞാൽ, ഇവിടെ വീടുകളിൽ ജീവിക്കാൻ അനുവധിക്കില്ല. പ്രതികരിച്ചാൽ, വീടുകൾക്ക് നേരെ ബോംബേറ് പോലും നടക്കാറുണ്ട്. അതുകൊണ്ടാണ് ആരും ഒന്നും പുറത്ത് പറയാത്തത്. ഞങ്ങൾ സാധാരണക്കാരാണ്. ഞങ്ങൾക്ക് ഭയമില്ലാതെ ജീവിക്കണം. പേടിച്ച് തന്നെയാണ് ഇതെല്ലാം ഇപ്പോഴും പറയുന്നത് എന്നും യുവതി കൂട്ടിച്ചേർത്തു.
Discussion about this post