തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഫോടനങ്ങൾ ഉണ്ടാകുന്നത് സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ ആണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി നൽകിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശ്ശേരിയിലെ സംഭവവും തിരഞ്ഞെടുപ്പ് കാലത്ത് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവും സമഗ്രമായി അന്വേഷിക്കണം. കാരണം രണ്ട് സംഭവങ്ങളും നടന്നത് സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ ആണ്. ഇവിടെ മയക്കുമരുന്ന് കച്ചവടവും ഗുണ്ടാ പിരിവും നടക്കുന്നുണ്ട്. ബൈക്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ പോക്കറ്റടിക്കുന്ന സംഭവങ്ങൾ വരെ ഇവിടെയുണ്ടായി എന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സിപിഎം നിലവിൽ വലിയ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സിപിഎം സംഘർഷമുണ്ടാക്കുന്നത് എന്നാണ് സംശയിക്കുന്നത്. സംഘർഷങ്ങൾ ഇല്ലെങ്കിൽ പാർട്ടി കേഡർമാരുടെ ആത്മവിശ്വാസം കുറയും എന്നാണ് പ്രമുഖ നേതാവ് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞത്. പാർട്ടിയിലെ സ്ഥിരം പ്രശ്‌നക്കാർ സ്വർണക്കടത്തിലും മാഫിയ പ്രവർത്തനങ്ങളിലുമാണ് ഇപ്പോൾ ഏർപ്പെട്ടിട്ടുള്ളത് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പാനൂർ ബോംബ് സ്‌ഫോടനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയില്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എന്തിന് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ പരാജയം ആണ്. കണ്ണൂരിനെ സിപിഎം വീണ്ടും അശാന്തിയിലേക്ക് നയിക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ബോംബ് സ്‌ഫോടനം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. വയനാട്ടിൽ പ്രിയങ്കാ വാദ്രയ്‌ക്കെതിരെ മത്സരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post