തിരുവനന്തപുരം: പരിഷ്കരണ നടപടികളുടെ മറവിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് തുടരാൻ പുതിയ നീക്കവുമായി കെ എസ് ആർ ടി സി. നിലവിൽ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആരംഭിക്കാൻ കെ എസ് ആർ ടി സി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. സൂപ്പർ ഫാസ്റ്റ് ബസുകളെ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് കെ എസ് ആർ ടി സിയുടെ നീക്കം.
നിലവിൽ കെ എസ് ആർ ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസുകളിൽ 22 രൂപയാണ് മിനിമം നിരക്ക്. പ്രീമിയം ബസുകളിൽ 60 രൂപയാണ് മിനിമം നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസുകൾ പ്രീമിയം ആയി മാറുമ്പോൾ മിനിമം നിരക്കിൽ ഒറ്റയടിക്ക് 38 രൂപയുടെ അധിക വർദ്ധനവാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. എ സി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രീമിയം ബസിന്റെ പ്രത്യേകത ആയിരിക്കും. നിലവിൽ പ്രീമിയം നിലവാരത്തിൽ ഒരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ കെ എസ് ആർ ടി സി ഓടിക്കുന്നുണ്ട്. സെപ്റ്റംബർ മുതൽ പ്രീമിയം സർവീസുകൾ സാർവത്രികമാക്കാനാണ് കെ എസ് ആർ ടി സി ഒരുങ്ങുന്നത്.
വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണപിള്ളയാണ് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കിയത്. അക്കാലത്തെ ചിലവ് കുറഞ്ഞ ജനകീയ സർവീസുകളായിരുന്ന ഫാസ്റ്റ് പാസഞ്ചറുകൾക്കും അവയെ ആശ്രയിച്ചിരുന്ന സാധാരണ യാത്രക്കാർക്കും ഈ നീക്കം തിരിച്ചടിയായിരുന്നു. പിൽക്കാലത്ത് ഫാസ്റ്റ് പാസഞ്ചറുകളുടെ യാത്രാപരിധി രണ്ട് ജില്ലകളിലാക്കി നിജപ്പെടുത്തിയതോടെ, മറ്റ് മാർഗ്ഗങ്ങളില്ലാതെ യാത്രക്കാർ സൂപ്പർ ഫാസ്റ്റുകളിലേക്ക് മാറുകയായിരുന്നു. ഇതേ മാതൃകയിൽ സൂപ്പർ ഫാസ്റ്റുകളെ അപ്രസകതമാക്കാനാണ് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം എന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്.
സാധാരണ ഗതിയിൽ സർക്കാർ നിയോഗിക്കുന്ന റഗുലേറ്ററി കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാനത്ത് ബസ് നിരക്ക് പരിഷ്കരിക്കുന്നത്. എന്നാൽ ഈ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നതാണ് കെ എസ് ആർ ടി സിയുടെ പുതിയ പല നടപടികളും. നേരത്തേ, നഗരത്തിലോടുന്ന സിറ്റി സർക്കുലർ ഇ ബസുകൾക്കെതിരെ കെ ബി ഗണേഷ് കുമാർ നീങ്ങിയത് സാധാരണ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.
Discussion about this post