വയനാട് : മന്ത്രി സഭയിൽ പുതിയ മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപത്രിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുന്നത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്.
വയനാട്ടിലെ മാനന്തവാടിയിൽ നിന്നുള്ള എംഎൽഎയാണ് കേളു. വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി എന്ന പ്രത്യേകതയും കൂടി അദ്ദേഹത്തിനുണ്ട്. കൂടാതെ പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.
കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നൽകിയിട്ടില്ല. പട്ടികജാതി- പട്ടിക വർഗ ക്ഷേമം മാത്രമാണ് നൽകിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനും നൽകാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നിരുന്നത്.
കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സവർണ സമുദായ പ്രീണനമാണ് ദേവസ്വം വകുപ്പ് കേളുവിന് നൽകാത്തതിന് പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ പറഞ്ഞു.













Discussion about this post