മലപ്പുറം: കേരളത്തെ വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആയിരുന്നു മുസ്തഫയുടെ പ്രതികരണം. മലബാറിനെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരാമർശം വലിയ വിവാദത്തിനാണ് കാരണമായിരിക്കുന്നത്.
കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് മലബാർ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാൽ മലബാർ സംസ്ഥാനം വേണമെന്ന് ആശ്യപ്പെട്ടാൽ എതിർക്കാൻ കഴിയില്ല. മറ്റുള്ള ജില്ലക്കാരെ പോലെ മലബാറിലുള്ളവരും നികുതി നൽകുന്നുണ്ട്. എന്നിട്ട് അവഗണിക്കുമ്പോൾ പ്രതിഷേധിക്കാതിരിക്കാൻ കഴിയില്ല. അവഗണനയാണ് വിഘടനവാദത്തിലേക്ക് ആളുകളെ നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭവങ്ങൾ വിതരണം ചെയ്യുന്നതിൽ സർക്കാർ നീതി പാലിക്കുന്നില്ല. മലബാർ സംസ്ഥാനം വന്നാൽ എന്ത് സംഭവിക്കും. സമസ്തയും പോഷക സംഘടനകളും സമര രംഗത്തിറങ്ങുന്നത് അപൂർവമാണ്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറുള്ളൂ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുഖ്യമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post