അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ സലീം മിയാന്റെ മകൻ മെഹമ്മൂദ് മിയാനെയാണ് (38) അമ്പലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ഈ കഴിഞ്ഞ 20 ാം തീയതി ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.പെൺകുട്ടിയുടെ വീടിനടുത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു യുവാവ്.പെൺകുട്ടിയുടെ അമ്മ ചെമ്മീൻ ഷെഡിൽ ജോലിക്ക് പോയ സമയം, വളഞ്ഞ വഴിയിലെ വാടക വീട്ടിൽ നിന്ന് പെൺകുട്ടിയുമായും വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായും കടന്നുകളയുകയായിരുന്നു.
ജോലി കഴിഞ്ഞെത്തിയ അമ്മ, മകളെ കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെഹമ്മൂദ് പെൺകുട്ടിയേയും കൊണ്ട് കേരളാ എക്‌സ്പ്രസിൽ ബിഹാറിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഹാറിലേക്ക് യാത്ര തിരിച്ചു. യാത്രാ മദ്ധ്യേ മഹാരാഷ്ട്രയിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് മെഹമ്മൂദ്. ഇയാളിൽ നിന്ന് 20,000 ത്തോളം രൂപ കണ്ടെടുത്തു.
Discussion about this post