തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ‘ എന്ന പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
സബ് സെന്ററുകൾ, ഫാമിലി ഹെൽത്ത് സെന്ററുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ, അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, അർബൻ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവ ഇനി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ആയി മാറും. മലയാളത്തിലും ഇംഗ്ലീഷിലും ഈ പേരുകൾ എഴുതണം എന്ന കേന്ദ്ര നിർദേശവും സംസ്ഥാനം അനുസരിക്കും.
കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിർദേശം കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. എന്ത് വന്നാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ പ്രഖ്യാപനം. ഇതാണ് സംസ്ഥാനം ഇപ്പോൾ തിരുത്താൻ തയ്യാറായിരിക്കുന്നത്.
പേര് മാറ്റം ഉൾപ്പെടെയുള്ള നടപടികൾ 2023 ഡിസംബർ മാസത്തോടെ പൂർത്തിയാക്കണം എന്നതായിരുന്നു കേന്ദ്രം സംസ്ഥാനത്തിന് നൽകിയിരിക്കുന്ന നിർദേശം. ആയുഷ്മാൻ ഭാരത് പദ്ധതിയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഒക്കെ ഫണ്ടുകൾ ലഭിക്കണമെങ്കിൽ പേര് മാറ്റം ഉൾപ്പെടെ കേന്ദ്രം നിർദേശിച്ച പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന് അന്നേ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മുന്നോട്ട് പോകാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം.
എന്നാൽ, കേന്ദ്ര നിർദേശം അവഗണിച്ച് മുന്നോട്ട് പോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലായതോടെ സംസ്ഥാനം നിലപാട് മാറ്റുകയായിരുന്നു. സർക്കാർ ആശുപത്രികൾക്ക് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന പേര് നൽകുന്നതിന് പുറമേ ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം. ഇക്കാര്യം ഉൾപ്പെടെ പരാമർശിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് എത്രയും വേഗം നടപ്പിലാക്കനും നിർദേശമുണ്ട്.
Discussion about this post