ആലപ്പുഴ :ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു.
രണ്ട് മാസം മുൻപാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്.
ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. മുതിർന്നവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഈ രണ്ട് രോഗങ്ങളും കൊതുക് വഴിയാണ് പകരുന്നത്.
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് വെസ്റ്റ് നൈലിന്റെ പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം.
Discussion about this post