കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ശല്യക്കാരായി മയിലുകൾ. സുരക്ഷാ ഭീഷണി ഉയർന്നതോടെ മയിലുകളെ പിടികൂടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദ്ദേശവും പുറപ്പെടുവിച്ചു.
വിമാനത്താവളത്തിലും പരിസരത്തുമായി നിരവധി മയിലുകൾ ആണ് വിഹരിക്കുന്നത്. റൺവേയിൽ ഉൾപ്പെടെ മയിലുകൾ പറന്നിറങ്ങാറുണ്ട്. വിമാനങ്ങളുടെ ലാൻഡിംഗ് സമയങ്ങളിലും വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും മയിലുകൾ ഈ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് മയിലുകളെ പിടികൂടാൻ തീരുമാനിച്ചത്.
മയിലുകൾ ശല്യക്കാരായ സാഹചര്യത്തിൽ പരിഹാരം കാണാനായി വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഇതിലാണ് പിടികൂടാൻ തീരുമാനം ആയത്. മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കുന്നുണ്ട്.
ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയാണ് മയിലുകൾ. അതുകൊണ്ടുതന്നെ പിടികൂടണമെങ്കിൽ പ്രത്യേകം അനുമതി വേണം. വിമാനത്താവളത്തിലെ പുൽത്തകിടികൾ വെട്ടാനും പ്രത്യേകം ജീവനക്കാരെ നിയമിക്കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
Discussion about this post